ഏനാത്ത് ബെയ്‌ലി പാലം; സര്‍ക്കാരിന് കൈമാറുന്നതിനുള്ള നടപടിയാരംഭിച്ചു
കൊട്ടാരക്കര: ഏനാത്ത് ബെയ്‌ലി പാലം സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നതിനുള്ള പ്രാരംഭ നടപടികള്‍ സൈന്യം തുടങ്ങി. ഔദ്യോഗിക കൈമാറ്റം ഇന്ന് പാങ്ങോട് മിലിട്ടറി ക്യാംപില്‍ നടക്കും. ഇന്നലെ ഏനാത്ത് പാലത്തില്‍ വച്ച് ഇത് സംബന്ധിച്ച രേഖകള്‍ മേജര്‍ അനുഷ് കോശി കെ.എസ്.ടി.പി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ദീപുവിന് കൈമാറി. ഇതോടെ പാലത്തിന്റെ ഇനിയുള്ള മേല്‍നോട്ടം കെ.എസ്.ടി.പിക്കായിരിക്കും. ബെയ്‌ലി പാലത്തിന്റെ ഉദ്ഘാടനം 10ന് വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കുളക്കട ഭാഗത്താണ് ചടങ്ങ് നടക്കുന്നത്.
നിശ്ചിത സമയത്തിനുള്ളില്‍ പാലം നിര്‍മിച്ച് നല്‍കിയ ഇന്ത്യന്‍ കരസേനക്കും അതിന് നിര്‍ദേശം നല്‍കിയ പ്രതിരോധ മന്ത്രിക്കും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അഭിനന്ദനം അറിയിച്ചു. ഏനാത്ത് പാലത്തിന് സമാന്തരമായി കല്ലടയാറിന് കുറുകെ പട്ടാളത്തിന്റ 50 അംഗ സംഘമാണ് രണ്ടര ദിവസം കൊണ്ട് പാലം നിര്‍മിച്ചത്. 180 അടി നീളത്തിലും 15 അടി 9 ഇഞ്ച് വീതിയിലുമാണ് നിര്‍മാണം. 2.5 അടി വീതം ഇരുവശങ്ങളിലും നടപ്പാതയുണ്ട്. ക്ലാസ് ലോഡ് 18 ടണ്‍ വിഭാഗത്തില്‍പ്പെട്ട ത്രിബിള്‍ ഡബിള്‍ ബെയ്‌ലി പാലമാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. യഥാസമയം അറ്റകുറ്റപണി പൂര്‍ത്തിയാക്കിയാല്‍ 400 വര്‍ഷമാണ് ആയുസ്. മുന്‍ ധാരണ അനുസരിച്ച് വണ്‍വേ ആയിട്ടായിരിക്കും വാഹനങ്ങല്‍ കടത്തിവിടുക. മിനിലോറികള്‍, ആംബുലന്‍സ് എന്നീ വാഹനങ്ങള്‍ക്ക് വരെ കടന്നുപോകാന്‍ ശേഷിയുള്ള പാലത്തിന്റെ രുപരേഖയാണ് തയാറാക്കിയിരുന്നത്. ഉദ്ഘാടനം കഴിയുന്നതോടെ ഇത് വഴി ചെറു വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."