ഡ്രൈവര്‍ ഷമീലിന്റെ മനോധൈര്യത്തില്‍ സുരക്ഷിതരായത് അന്‍പതോളം യാത്രക്കാര്‍
മാനന്തവാടി: കുത്തനെയുള്ള ഇറക്കം..കൊടിയ വളവ്... ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് മനസിലായ ഡ്രൈവര്‍ മനസാന്നിധ്യം കൈവിടാതെ അവസരം വന്നപ്പോള്‍ കൃത്യസമയത്ത് റോഡരികിലെ മണ്‍തിട്ടയിലിടിച്ച് ബസ് നിര്‍ത്തി. ഭീതിയോടെ എഴുന്നേറ്റ യാത്രക്കാര്‍ അപ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട വിവരം അറിയുന്നത്. അതോടെ മനോധൈര്യം കൈവിടാതെ തങ്ങളുടെ ജീവന്‍ രക്ഷിച്ച ഡ്രൈവറായ കെ.എസ്.ആര്‍.ടി.സി തലശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ കൂത്തുപറമ്പ് പാച്ചിപൊയ്ക സ്വദേശി വി.വി ഷമീലിന് നന്ദി പറയുകയാണ് യാത്രക്കാര്‍. ബസിലുണ്ടായിരുന്ന അന്‍പതോളം യാത്രക്കാരുടെ ജീവനാണ് ഷമീലിന്റെ മനോധൈര്യത്തില്‍ സുരക്ഷിത തീരമണിഞ്ഞത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ പാല്‍ചുരത്തിലാണ് സംഭവം. മാനന്തവാടിയില്‍ നിന്നും രാവിലെ എട്ടരക്ക് തലശ്ശേരിക്ക് പോകുകയായിരുന്ന തലശ്ശേരി ഡിപ്പോയിലെ ആര്‍.എന്‍.സി 643 നമ്പര്‍ ബസിന്റെ ബ്രേക്കാണ് പാല്‍ച്ചുരം വളവില്‍വെച്ച് നഷ്ടപ്പെട്ടത്. കൊടിയവളവില്‍ കുത്തനെയുള്ള ഇറക്കത്തില്‍ വച്ച് ബസിന്റെ ബ്രേക്ക് ചവിട്ടിയപ്പോള്‍ കിട്ടിയില്ലെന്നും തുടര്‍ന്ന് ഹാന്‍ഡ് ബ്രേക്കിട്ടപ്പോഴും ബസ് നില്‍ക്കാതെ മുമ്പോട്ട് തന്നെ പോകുകയായിരുന്നു. ഒരുനിമിഷത്തെ ശങ്കപോലും വലിയൊരു അപകടത്തിന് കാരണമായേക്കാമെന്ന് മനസിലാക്കി കൂടുതലൊന്നും ആലോചിക്കാതെ ബസ് നിയന്ത്രിച്ചുകൊണ്ട് മെല്ലെ മെല്ലെ ഗിയര്‍ ഡൗണ്‍ ചെയ്യാനാണ് താന്‍ ശ്രമിച്ചതെന്ന് ഷമീല്‍ പറഞ്ഞു. കൊടിയവളവും കുത്തനെയുള്ള ഇറക്കവുമായതിനാല്‍ ബസിന്റെ വേഗത കാര്യമായി കുറയുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് റോഡരികിലെ മണിതിട്ടയിലേക്ക് ബസ് ഇടിച്ച് നിര്‍ത്തിയതെന്നും ഷമീല്‍ കൂട്ടിച്ചേര്‍ത്തു. ബസ് നിന്നതിന് ശേഷമാണ് യാത്രക്കാര്‍ ബ്രേക്ക് നഷ്ടപ്പെട്ട വിവരം അറിയുന്നത്. യാത്രക്കിടയില്‍ ബസിന്റെ പിന്‍വശത്ത് നിന്നും വലിയൊരു ശബ്ദം തങ്ങള്‍ കേട്ടിരുന്നതായും എന്നാല്‍ ബ്രേക്ക് നഷ്ടപ്പെട്ടവിവരം ബസ് ഇടിച്ചുനിര്‍ത്തിയ ശേഷമാണ് അറിഞ്ഞതെന്നും യാത്രക്കാര്‍ പറഞ്ഞു.മാസങ്ങള്‍ക്ക് മുമ്പും സമാന രീതിയില്‍ പാല്‍ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടിരുന്നു. പാല്‍ ചുരം ഉള്‍പ്പെടെയുള്ള അപകട സാധ്യത കൂടുതലുള്ള റൂട്ടുകളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ബസുകള്‍ സര്‍വിസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."