കാത്തിരിപ്പിനൊടുവില്‍ വാര്യാട് നരിക്കോടന്‍ മുക്ക് നിവാസികള്‍ക്ക് റോഡായി
മുട്ടില്‍: വാര്യാട് നരിക്കോടന്‍ മുക്ക് നിവാസികളിന്ന് സന്തോഷത്തിലാണ്. സമരങ്ങള്‍ക്കും വോട്ട് ബഹിഷ്‌കരണ പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ തങ്ങളുടെ റോഡെന്ന സ്വപ്നം യാഥാര്‍ഥ്യമായ സന്തോഷത്തില്‍.
കാത്തിരിപ്പിനൊടുവില്‍ കിട്ടിയ സന്തോഷത്തിന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ പടക്കം പൊട്ടിച്ചും, പായസവിതരണം നടത്തിയും നാടിന്റെ ഉത്സവമാക്കിയിരിക്കുകയാണ് നാട്ടുകാര്‍. നാല്‍പ്പതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന മുട്ടില്‍ പഞ്ചായത്തിലെ നരിക്കോടന്‍ മുക്ക് റോഡ് മണ്‍തിട്ടയായി കിടക്കാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷമായി. മഴക്കാലമായാല്‍ കാല്‍നട യാത്ര പോലും ദുഷ്‌കരമായ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നിരവധി തവണ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെ സൈഡ് കെട്ടി സോളിങ് പ്രവൃത്തി നടത്തിയെങ്കിലും സോളിങ് ഇളകി വീണ്ടും യാത്ര ദുഷ്‌കരമായി.
പരാതി പറഞ്ഞിട്ടും രേഖാമൂലം അറിയിച്ചിട്ടും പരിഹാരം കാണാതായപ്പോള്‍ 3 വര്‍ഷം മുന്‍പ് ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. എന്നിട്ടും നടപടിയില്ലെന്ന് കണ്ടാണ് നാട്ടുകാര്‍ ഒന്നടങ്കം വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന ്മുട്ടില്‍ പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും നാല് ലക്ഷത്തി എഴുപത്തായ്യായിരം രുപയും ശശീന്ദ്രന്‍ എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും റോഡിനായി അനുവദിച്ചു.
മൂന്ന് മീറ്റര്‍ വീതിയില്‍ 540 മീറ്റര്‍ ദൂരമാണ് ഇപ്പോള്‍ ടാറിങ് പണി പൂര്‍ത്തീകരിച്ചത്. റോഡ് ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷൈലജ അധ്യക്ഷയായി. മുന്‍ ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് എന്‍.കെ റഷിദ്, എ.പി അഹമ്മദ്, സന്തോഷ് കുമാര്‍, എസ്. മുഹമ്മദ്, കുഞ്ഞബ്ദുല്ല, സെബാസ്റ്റ്യന്‍, സിദ്ധീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."