അവിഷ്ണയുടെ ആരോഗ്യസ്ഥിതി വഷളായി
നാദാപുരം: മൂന്നു ദിവസമായി വളയത്തെ വീട്ടില്‍ നിരാഹാരം തുടരുന്ന ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. അമ്മയും കുടുംബവും തിരുവനന്തപുരത്ത് നിരാഹാരം ആരംഭിച്ചതിനെ തുടര്‍ന്നു അവിഷ്ണയും നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാരും ബന്ധുക്കളും തടഞ്ഞു. അറസ്റ്റ് നീക്കം ചെറുക്കാനായി നാട്ടുകാര്‍ വീട്ടില്‍ കാവലിരിക്കുകയാണ്.
ഇന്നലെ ഉച്ചയോടെയാണ് അവിഷ്ണയുടെ ആരോഗ്യനില വഷളായത്. തുടര്‍ന്ന് മെഡിക്കല്‍ സംഘമെത്തി ഡ്രിപ്പ് നല്കി.
അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് മെഡിക്കല്‍ സംഘം നിര്‍ദേശിച്ചു. അറസ്റ്റു ചെയ്തു ആശുപത്രിയില്‍ എത്തിക്കാനുള്ള പൊലിസ് നീക്കത്തെ സ്ത്രീകളടക്കമുള്ള ബന്ധുക്കളും നാട്ടുകാരും എതിര്‍ത്തു. ഇതോടെ വീട്ടില്‍ തന്നെ ചികിത്സ നല്കാന് തീരുമാനിക്കുകയായിരുന്നു.
സമരത്തെതുടര്‍ന്ന് സ്ഥലത്ത് ക്യാംപ് ചെയ്യുന്ന വടകര, കൊയിലാണ്ടി തഹസില്‍ദാരും നാദാപുരം ഡിവൈ.എസ്.പി, സി.ഐ അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥരും ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് വീട്ടില്‍ ചികിത്സ നല്കാന് തീരുമാനിച്ചത്.
എന്നാല്‍ വൈകുന്നേരത്തോടെ ആരോഗ്യ നില വീണ്ടും മോശമായി. ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് ബന്ധുക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. എന്നാല്‍ ഇതു അനുസരിക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. ആരോഗ്യ വകുപ്പ് ജീവനക്കാരും പൊലിസും അവിഷ്ണയുടെ വീട്ടില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."