HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി ശമ്പള പരിഷ്‌കരണം: 25ന് ചര്‍ച്ച
backup
June 18 2018 | 21:06 PM
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പള വര്‍ധന സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ എം.ഡി ടോമിന്‍ തച്ചങ്കരി ഉത്തരവിട്ടു. ഈ മാസം 25ന് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കും. അന്ന് രാവിലെ അംഗീകൃത സംഘടനകളുടെ പ്രതിനിധികളുമായും ഉച്ചകഴിഞ്ഞ് രജിസ്‌ട്രേഡ് യൂനിയനുകളുമായാണ് ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.
മൂന്നു വര്‍ഷത്തേക്കാണ് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നത്. 27 മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌കരണത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ചര്‍ച്ച. മുന്‍പ് നിശ്ചയിച്ച സേവന വേതന കരാറിന്റെ കാലാവധി 2016ലാണ് അവസാനിച്ചത്. ഇതിനുശേഷം ഇതുവരെ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍പോലും മാനേജ്‌മെന്റ് തയാറായിരുന്നില്ല.
ഇതിനൊപ്പം തന്നെ ഉദ്യോഗസ്ഥരുടെ സംഘടനാ പ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനും മാനേജ്‌മെന്റ് നടപടി തുടങ്ങി.
മിക്ക നേതാക്കളും ഉദ്യോഗസ്ഥരാണെന്നതിനാല്‍ ജീവനക്കാരുടെ മേല്‍നോട്ട ചുമതലയുള്ളവര്‍ യൂനിയന്‍ പ്രവര്‍ത്തനം നടത്തുന്നത് നിയമവിരുദ്ധമാണെന്നു കാണിച്ച് തച്ചങ്കരി അംഗീകൃത തൊഴിലാളി സംഘടനകള്‍ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കി. അംഗീകൃത തൊഴിലാളി സംഘടനകളിലെ 222 നേതാക്കളെ പൊതുസ്ഥലം മാറ്റത്തില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂനിയനുകള്‍ നല്‍കിയ കത്തിനാണ് തച്ചങ്കരി ഈ മറുപടി നല്‍കിയത്.
ഹിതപരിശോധനയില്‍ ലഭിച്ച വോട്ടുകളുടെ അനുപാതം കണക്കിലെടുത്ത് ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ തയാറാണെന്നും അങ്ങനെയെങ്കില്‍ സി.ഐ.ടി.യുവിന്റെ 48 പേര്‍ക്കും ഐ.എന്‍.ടി.യു.സിയുടെ 27 നേതാക്കള്‍ക്കും മാത്രമേ സംരക്ഷണം നല്‍കാനാകൂ എന്ന നിലപാടും തച്ചങ്കരി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."