വിജയം തേടി ബാംഗ്ലൂര്‍, ഡല്‍ഹി, പഞ്ചാബ് കളത്തില്‍; വിജയം തുടരാന്‍ പൂനെ
ഇന്‍ഡോര്‍: ഐ.പി.എല്ലില്‍ ഇന്നു രണ്ടു മത്സരങ്ങള്‍ അരങ്ങേറും. വൈകിട്ട് നാലിനു നടക്കുന്ന ആദ്യ പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്- റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റുമായും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായും ഏറ്റുമുട്ടും.
ആദ്യ മത്സരം വിജയിച്ചെത്തുന്ന പൂനെ മുഖം മിനുക്കി പോരിനിറങ്ങുന്ന പഞ്ചാബിനെ നേരിടുമ്പോള്‍ വിജയം തുടരുകയാണു ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി നായകനായി അരങ്ങേറുന്ന ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കഴിവില്‍ വിശ്വസിച്ചാണു പഞ്ചാബ് ഇറങ്ങുന്നത്. നായകന്‍മാരേയും കോച്ചിനേയും കഴിഞ്ഞ ഒന്‍പതു സീസണുകളിലായി മാറി മാറി പരീക്ഷിക്കുന്ന പഞ്ചാബിനു ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല.
ഒരിക്കല്‍ ഫൈനലിലെത്തിയതാണു അവരുടെ മികച്ച പ്രകടനം. തലവര മാറ്റുക ലക്ഷ്യമിട്ടു വിദേശ താരങ്ങളില്‍ വിശ്വസമര്‍പ്പിച്ചാണു പഞ്ചാബ് ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ വീഴ്ത്തിയ പൂനെയെ നേരിടാനൊരുങ്ങുന്നത്. രണ്ടു ആസ്‌ത്രേലിയന്‍ താരങ്ങള്‍ നായകരായെത്തുന്ന ടീമുകളാണു പൂനെയും പഞ്ചാബും.
ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റാണു ബാംഗ്ലൂര്‍ ഡല്‍ഹിയെ നേരിടാനിറങ്ങുന്നത്. മികച്ച താര നിരയുണ്ടായിട്ടും ഐ.പി.എല്ലില്‍ കൃത്യമായ മേല്‍വിലാസമുണ്ടാക്കാന്‍ സാധിക്കാത്ത ഡല്‍ഹി വെറ്ററന്‍ പേസര്‍ സഹീര്‍ ഖാന്റെ നായകത്വത്തിനു കീഴിലാണു ഇറങ്ങുന്നത്.
കോഹ്‌ലി, ഡിവില്ല്യേഴ്‌സ് തുടങ്ങിയ വമ്പന്‍ താരങ്ങളുടെ അഭാവത്തില്‍ ഷെയ്ന്‍ വാട്‌സന്റെ നായകത്വത്തില്‍ ആദ്യ പോരിനിറങ്ങിയ ബാംഗ്ലൂര്‍ തോല്‍വിയോടെയാണു തുടങ്ങിയിരിക്കുന്നത്. വിജയ വഴിയില്‍ തിരിച്ചെത്താനുള്ള ഒരുക്കമാണു അവര്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."