ബി.എം.എസ് പ്രവര്‍ത്തകന്റെ കസ്റ്റഡി മരണം; കാസര്‍കോട് ഹര്‍ത്താല്‍ ഭാഗികം
കാസര്‍കോട്: ബി.എം.എസ് പ്രവര്‍ത്തകനും നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ ചൗക്കി സി.പി.സി.ആര്‍.ഐ ക്വാര്‍'േഴ്‌സിലെ സന്ദീപ് പൊലിസ് കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമെങ്കിലും ജനജീവിതം സ്തംഭിച്ചു.
രാവിലെ ആറു മണിമുതല്‍ വൈകുന്നേരം ആറുമണി വരെയായാണ് ഹര്‍ത്താല്‍. കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഏതാനും കടകളും മറ്റും തുറന്ന് പ്രവര്‍ത്തിച്ചു. തളങ്കര, നായന്‍മാര്‍മൂല, അണങ്കൂര്‍, ചെര്‍ക്കള തുടങ്ങിയ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ ഏശിയില്ല. ഏതാനും ഇരുചക്രവാഹനങ്ങളടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയില്ല. കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള മുഴുവന്‍ ഷെഡ്യൂളുകളും റദ്ദ് ചെയ്തു. കാഞ്ഞങ്ങാട് നിന്നും പുറപ്പെട്ട ബസുകള്‍ പാലക്കുന്ന് വരെയും മംഗളുരുവില്‍ നിന്ന് കുമ്പള വരെയും സര്‍വീസ് നടത്തിയെന്ന് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃതര്‍ അറിയിച്ചു.
രണ്ടാം ശനിയാഴ്ച്ച സര്‍ക്കാര്‍ ഓഫിസുകള്‍ അവധിയായതിനാല്‍ ട്രെയിനുകളിലും തിരക്ക് കുറവായിരുന്നു. ഹര്‍ത്താല്‍ ആണെന്ന് അറിയാതെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയവര്‍ വാഹനം കിട്ടാതെ ബുദ്ധിമുട്ടി. ഉച്ചയോടെ ഏതാനും ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാസര്‍കോട് നഗരത്തിലും പരിസരത്തും കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. കാസര്‍കോട് ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനമൊരുക്കിയിരുത്.
കണ്ണൂര്‍ റേഞ്ച് ഐ.ജി മഹിപാല്‍ യാദവ് കാസര്‍കോടെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. രാവിലെ 10 മണിയോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.
ചൗക്കി സി.പി.സി.ആര്‍.ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (27) ആണ് പൊലിസ് കസ്റ്റഡിയില്‍ മരിച്ചത്. ബീരന്ത് വയലിലെ കൃഷി വകുപ്പിന്റെ വയലിന് സമീപം ചിലര്‍ മദ്യപിച്ച് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഭവസ്ഥലത്തെത്തിയത്. എന്നാല്‍ പൊലിസിനെ കണ്ട് അവിടെ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് പൊലിസ് പിന്തുടര്‍ന്ന് സന്ദീപ് ഉള്‍പ്പടെ നാലുപേരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇതിനിടയിലാണ് സന്ദീപ് വാഹനത്തില്‍ കുഴഞ്ഞ് വീണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."