പെപ്സി കമ്പനിയുടെ അമിത ജലമൂറ്റല്‍ വിനായകക്ഷേത്രത്തിലെ നിത്യപൂജ മുടങ്ങി
പാലക്കാട്: കഞ്ചിക്കോട്ടെ പെപ്സി കമ്പനിയുടെ അമിത ജലമൂറ്റല്‍ മൂലം സമീപത്തും, നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലും തുറന്ന കിണറുകളും,കുഴല്‍കിണറുകളും വരണ്ടു തുടങ്ങിയതോടെ പൂജ കര്‍മങ്ങള്‍ നടത്താനാവാതെ ഒരു ക്ഷേത്രത്തില്‍ നിത്യപൂജ മുടങ്ങിയതായി നാട്ടുകാര്‍. ദേശീയപാതയോരത്തെ മംഗലത്താന്‍ചള്ളയിലെ ഗണപതി ക്ഷേത്രത്തിലെ നിത്യപൂജയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി മുടങ്ങി കിടക്കുന്നത്. ഇപ്പോള്‍ എപ്പോഴെങ്കിലും വന്ന് പൂജ നടത്തി പോവുകയാണെന്ന് ഈ പ്രദേശത്തുകാര്‍ പറയുന്നു
ക്ഷേത്രത്തോട് ചേര്‍ന്ന് 15 കോല് ആഴത്തില്‍ തുറന്ന കിണര്‍ കുഴിച്ചു. അഞ്ച് വര്‍ഷം മുന്‍പ് കിണര്‍ പൂര്‍ണമായും വറ്റി. പിന്നീട് അതിനകത്ത് മൂന്ന് കോല് ആഴത്തില്‍ കുഴിച്ചു. മൂന്ന് വര്‍ഷം മുന്‍പ് അതിലും വെള്ളം ഇല്ലാതായി.
ഇതോടെ നിത്യപൂജ നടത്താന്‍ വേണ്ട വെള്ളം കിട്ടാതായതോടെ പൂജ മുടങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ ദക്ഷിണേന്ത്യയിലെ വലിയ വിനായക ക്ഷേത്രം പണിയാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനു ഒരു ട്രസ്റ്റ് ഉണ്ടാക്കിയിരുന്നു. പൂജകള്‍ക്കും, മറ്റും വെള്ളം കിട്ടാന്‍ പ്രയാസമാവുമെന്ന് വന്നതോടെ ആ പദ്ധതിയും തല്ക്കാലം വേണ്ടെന്നു വെച്ചിരിക്കുകയാണ്. മംഗലത്താന് ചള്ളയിലും, പരിസപ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."