അച്ഛനോടൊപ്പം ഫോട്ടോ മത്സരത്തില്‍ ടി.പി കേസിലെ പ്രതിയുടെ ചിത്രവും, പുലിവാലു പിടിച്ചത് ഡി.വൈ.എഫ്.ഐ പെരിങ്ങത്തൂര്‍ മേഖലാ കമ്മിറ്റി
കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച അച്ഛനോടൊപ്പം ഫോട്ടോ മത്സരത്തില്‍ ടി.പി വധക്കേസ് പ്രതിയുടെ ഫോട്ടോ ഉള്‍പ്പെടുത്തി പെരിങ്ങത്തൂര്‍ മേഖലാ കമ്മിറ്റി പുലിവാല് പിടിച്ചു. അച്ഛനോടൊപ്പം ഫോട്ടോ മത്സരത്തിലാണ് ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയും പിതാവും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം മത്സരത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്.
ഈ കേസില്‍ അഞ്ചാം പ്രതിയായ മുഹമ്മദ് ഷാഫി പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ശിക്ഷയനുഭവിക്കുന്നത്. ഇതിനിടെയാണ് ഫേസ്ബുക്കില്‍ ഫോട്ടോ വന്നത്.
കഴിഞ്ഞ രണ്ടാം തീയതിയാണ് ഫോട്ടോ മത്സരത്തിനായി ഡി.വൈ.എഫ്.ഐ പേജ് ആരംഭിച്ചത്. ഇതില്‍ രണ്ടാമത്തെ എന്‍ട്രിയായാണ് മുഹമ്മദ് ഷാഫി പിതാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയായി പോസ്റ്റ് ചെയ്തത്.
ഇതോടെയാണ് വിവാദം കൊഴുത്തത്. ടി.പി.ചന്ദ്രശേഖരനും മകനും നില്‍ക്കുന്ന ഫോട്ടോയോടൊപ്പം ചിലര്‍ കമന്റിട്ടു. അച്ഛനോടൊപ്പം ഇതുപോലെ ഒരു ഫോട്ടോയെടുക്കാനുള്ള ടി.പിയുടെ മകന്റെ ആഗ്രഹമാണ് ഷാഫി ഉള്‍പ്പെടെയുള്ളവര്‍ ഇല്ലാതാക്കിയതെന്നും പലരും ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനെതിരേ സംഘടനക്കുള്ളില്‍ തന്നെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നതോടെയാണ് ചിത്രം മാറ്റി തടിയൂരിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."