HOME
DETAILS

വംശഹത്യാ കോളനിയിലെ കുട്ടികള്‍

  
backup
March 03 2019 | 02:03 AM

njayar-prabhaatham-ka-salim-03

ല്ലൊരു ജീവിതം വാഗ്ദാനം ചെയ്യാന്‍ ശേഷിയില്ലാത്ത നരകതുല്യമായ അഹമ്മദാബാദ് വാട്‌വ അര്‍ഷ് കോളനിയിലെ ഒറ്റമുറി വീടിനു മുന്നിലിരുന്ന് റിഹാന്‍ തന്റെ സ്വപ്‌നങ്ങളെക്കുറിച്ചാണു പറഞ്ഞുകൊണ്ടിരുന്നത്. അര്‍ഷ് കോളനിയിലെ 42-ാം നമ്പര്‍ വീടിനു തൊട്ടടുത്താണ് 16കാരനായ റിഹാന്റെ വീട്. 42-ാം നമ്പര്‍ വീട് പ്രശസ്തമൊന്നുമല്ല. എന്നാല്‍, 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കിടയില്‍ സംഘ്പരിവാര്‍ വയറുകീറി കുഞ്ഞിനെ പുറത്തെടുത്തുകൊന്ന നരോദാപാട്യയിലെ കൗസര്‍ഭാനുവിന്റെ ഭര്‍ത്താവ് ഫിറോസ് അവിടെയാണു താമസിക്കുന്നത്. ഫിറോസ് മാത്രമല്ല, അര്‍ഷ് കോളനി തന്നെ നരോദാപാട്യയില്‍നിന്നും ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍നിന്നും ജീവന്‍ മാത്രം ബാക്കിയായവരുടെ വാസസ്ഥലമാണ്.
ഏതൊരു വംശഹത്യയും ജീവന്റെ ഒരു തുടിപ്പും പ്രതീക്ഷയുടെ ഒരു തുരുത്തും ബാക്കിവയ്ക്കും. ഒന്നും എന്നെന്നേക്കുമായി ഇല്ലാതാക്കാനാവില്ല. ഗുജറാത്ത് വംശഹത്യ അടുത്ത തലമുറയ്ക്ക് എന്താണു ബാക്കിവച്ചതെന്ന ചോദ്യത്തിന് അര്‍ഷ് കോളനിയിലെ കുഞ്ഞുങ്ങള്‍ പറഞ്ഞതു തന്നെയായിരുന്നു ഉത്തരം. ദാരിദ്ര്യവും ആവലാതികളുമുണ്ട്. എന്നാല്‍, ഇവിടെ നിരാശയും പകയുമില്ല. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്‌നങ്ങളും നിറഞ്ഞതാണ് കോളനി. ആ സ്വപ്‌നങ്ങളെക്കുറിച്ചാണ് റിഹാന്‍ പറഞ്ഞത്. പഠിക്കണം, എന്‍ജിനീയറാകണം. കുടുംബത്തിനു നല്ലൊരു ജീവിതം നല്‍കണം.

നരോദാപാട്യയില്‍ ആ ദിനം
വാട്‌വയിലെ ഓരോ മനുഷ്യനും ഓരോ കഥ പറയാനുണ്ട്. ജീവിതത്തെ വീണ്ടും കരുപ്പിടിപ്പിക്കാനായി ഓടുന്നവരുടെ നിര്‍ജീവമായ മുഖങ്ങള്‍ക്കിടയിലാണ് റിഹാനെ കാണുന്നത്. നരോദാപാട്യയിലായിരുന്നു റിഹാന്റെ കുടുംബം. ഹിന്ദുത്വ ഭീകരര്‍ നരോദാപാട്യ വളഞ്ഞ് ആക്രമിക്കുമ്പോള്‍ രണ്ടുമാസമായിരുന്നു റിഹാന്റെ പ്രായം. മാതാവ് ഹയറുന്നീസയുടെ കൈയിലായിരുന്നു അവന്‍. പിതാവ് റിയാസുദ്ദീന്‍ കൂട്ടം തെറ്റിപ്പോയിരുന്നു. ആക്രോശങ്ങള്‍ക്കും നിലവിളികള്‍ക്കുമിടയില്‍ അവര്‍ റിഹാനുമായി ഓടി. തെരുവിലുടനീളം മാറുവെട്ടിപ്പിളര്‍ന്നവരുടെ നിലവിളികളായിരുന്നു. കുഞ്ഞുങ്ങളുടെ മാംസം കരിയുന്നതിന്റെ ഗന്ധമായിരുന്നു.
കുഞ്ഞിനെ മാറോടുചേര്‍ത്ത് ഷാ ആലം അഭയാര്‍ഥി ക്യാംപിലെത്തിയിട്ടേ ഹയറുന്നീസ തളര്‍ന്നുവീണുള്ളൂ. അല്ലായിരുന്നെങ്കില്‍ സ്വപ്‌നങ്ങള്‍ കൊണ്ടു തിളങ്ങുന്ന കണ്ണുകളുമായി റിഹാന്‍ ഇപ്പോള്‍ എന്റെ മുന്നില്‍ ഇരിക്കുമായിരുന്നില്ല. റിയാസുദ്ദീനും ഒരു വിധം രക്ഷപ്പെട്ടിരുന്നു. അര്‍ഷ് കോളനിയിലാണു പിന്നീട് പുതിയ ജീവിതം തുടങ്ങുന്നത്. തുടക്കത്തില്‍ ഒന്നുമുണ്ടായിരുന്നില്ല. ടാര്‍പോളിന്‍ ഷീറ്റുകള്‍ വലിച്ചുകെട്ടിയ മേല്‍ക്കൂര മാത്രം. സഹായിക്കാനെത്തിയവര്‍ അവിടെ ചെറിയ മുറികള്‍ പണിതുനല്‍കി. അങ്ങനെയാണ് അര്‍ഷ് കോളനി രൂപപ്പെടുന്നത്.
അന്ന് നരോദാപാട്യയിലെന്താണു നടന്നതെന്ന് അവനറിയാം. കുഞ്ഞുങ്ങളെ വലിച്ചുകീറി തീയിലേക്കെറിഞ്ഞതും സ്ത്രീകളുടെ ജനനേന്ദ്രിയം കുത്തിക്കീറിയതും അയല്‍വാസികളെ ചുട്ടെരിച്ചതുമെല്ലാം അവന്‍ കേട്ടിട്ടുണ്ട്. ഒരാളില്‍നിന്നല്ല, ഒരുപാടു പേരില്‍നിന്ന്. മരിച്ചവരില്‍ അവന്റെ ബന്ധുക്കളുമുണ്ടായിരുന്നു. ഫിറോസ് ഭായിയെയും അവനറിയാം. കൗസര്‍ബാനുവിനെക്കുറിച്ചു കേട്ടിട്ടുണ്ട്. കൈക്കുഞ്ഞുമായി കരഞ്ഞു കാലുപിടിച്ചിട്ടും പൊലിസുകാരു പോലും രക്ഷിച്ചില്ലെന്ന് ഉമ്മ ഒരിക്കല്‍ പറഞ്ഞു. പലതും കേട്ട് അവന്‍ കരഞ്ഞുപോയിട്ടുണ്ട്. അതിനൊന്നും ജീവിതത്തെക്കുറിച്ചുള്ള അവന്റെ പ്രതീക്ഷകളെ കെടുത്താനായിട്ടില്ല.
ഒന്നും പകയായി മനസില്‍ ബാക്കിവയ്‌ക്കേണ്ടതില്ലെന്നു പറഞ്ഞു റിഹാന്‍. കഴിഞ്ഞതെല്ലാം കഴിഞ്ഞുപോയതാണ്. അതില്‍ ജീവിതപാഠങ്ങളേയുള്ളൂ. ഭൂതകാലത്തിന്റെ തടവുകാരനാവാന്‍ വയ്യ. പുതിയ ജീവിതത്തിലേക്കുള്ള യാത്രയില്‍ ഒന്നും തടസമാകരുത്. കോളനിയില്‍ കണ്ട ഓരോ കുഞ്ഞിലും റിഹാന്റെ മുഖത്തു കണ്ട അതേ തിളക്കമുണ്ടായിരുന്നു. എല്ലാവരും റിഹാനെപ്പോലെ പഠിക്കാന്‍ മിടുക്കരല്ല. വലുതല്ലെങ്കിലും അവരുടെ സ്വപ്‌നങ്ങള്‍ പുതിയതാണ്. നിങ്ങളെടുക്കുന്ന ചിത്രങ്ങള്‍ അച്ചടിച്ചുവരുമോ?-നാലാം ക്ലാസില്‍ പഠിക്കുന്ന 10 വയസുകാരന്‍ ഷാ ആലം ചോദിച്ചു. വരുമെന്നു പറഞ്ഞപ്പോള്‍ അവന്‍ പുഞ്ചിരിച്ചുകൊണ്ടു നിന്നു. അവന്റെ കൈയിലൊരു പന്തുണ്ട്. കളിക്കാന്‍ കൂട്ടുകാരെ തേടുകയായിരുന്നു അവന്‍. ഫര്‍ണിച്ചര്‍ കട നടത്തുകയാണു പിതാവ്. പഠിക്കാനല്ല, പിതാവിനെ സഹായിക്കാനാണ് ഷാ ആലമിന് ആഗ്രഹം.
വംശഹത്യയെക്കുറിച്ചു മുതിര്‍ന്നവര്‍ പറയുന്നത് അവനും കേട്ടിട്ടുണ്ട്. വീട്ടുകാര്‍, കൂടെ കളിക്കാന്‍ വരുന്നവര്‍, പലരും പറഞ്ഞുതന്നിട്ടുണ്ട് അതേക്കുറിച്ച്. കളിക്കാനിറങ്ങുമ്പോള്‍ അപ്പുറത്തുള്ള ഹിന്ദു കോളനിയിലേക്കു പോകരുതെന്നു മുതിര്‍ന്നവര്‍ ഉപദേശിക്കും. ആദ്യമൊന്നുമവനു മനസിലായിരുന്നില്ല, എന്തിനാണ് ഈ വിലക്കെന്ന്. പിന്നീട് കാര്യങ്ങളറിയാന്‍ തുടങ്ങി. അവരോടു പകയൊന്നുമില്ല. അവരല്ല ഇതൊന്നും ചെയ്തത്. ചെയ്തവരോടും പകയില്ല. പലതും കേട്ട് മനസ് നൊന്തിട്ടുണ്ട്. പക്ഷേ, ജീവിതം ഒരുപാട് ബാക്കിയുണ്ടെന്ന് അവന്‍ പറയുന്നു.
ഒന്‍പതുകാരന്‍ അജാജ് അപ്പോഴേക്കും ഷാക്കൊപ്പം കളിക്കാന്‍ വന്നിരുന്നു. അവനും നാലാംക്ലാസിലാണ്. വംശഹത്യ കഴിഞ്ഞു വര്‍ഷങ്ങള്‍ക്കുശേഷം ജനിച്ചവരാണു രണ്ടുപേരും. തങ്ങള്‍ക്കു സമ്പന്നമായ പഴയൊരു കാലമുണ്ടായിരുന്നുവെന്ന് അവരോട് മാതാപിതാക്കള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, അതെങ്ങനെ നഷ്ടപ്പെട്ടുവെന്ന് അജാജിനറിയില്ല. 17കാരനായ ശൈഖ് ഫജാന് വംശഹത്യ നടക്കുമ്പോള്‍ ആറുമാസമായിരുന്നു പ്രായം. ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തി. ബൈക്ക് മെക്കാനിക്കാണു പിതാവ്. അവനും അതേ ജോലി ചെയ്യണം. നല്ലൊരു മെക്കാനിക്കാകണം.

വിവേകായി മാറിയ മുസഫര്‍
വംശഹത്യയുമായി ചേര്‍ത്തു ജീവിതകാലം മുഴുവന്‍ ഓര്‍ക്കാവുന്ന ഒരു കഥയുണ്ട് ഫജാന്. വംശഹത്യയ്ക്കിടെ കാണാതാകുകയും മറ്റൊരിടത്ത് ഒരു ഹിന്ദു കുടുംബം എടുത്തുവളര്‍ത്തുകയും ചെയ്ത മുസഫര്‍ ശൈഖിന്റെ അനിയനാണ് ഫജാന്‍. 2002 ഫെബ്രുവരി 28ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയം തേടിയ നൂറുകണക്കിന് മുസ്‌ലിംകള്‍ക്കിടയില്‍ മാതാവ് സൈബുന്നിസയ്ക്കും പിതാവ് സലീം ശൈഖിനുമൊപ്പം രണ്ടര വയസുകാരനായ മുസഫറും ആറുമാസം പ്രായമുള്ള ഫജാനുമുണ്ടായിരുന്നു. ഹിന്ദുത്വ ഭീകരരുടെ ആക്രമണത്തില്‍ ചിതറിയോടിപ്പോയവര്‍ക്കിടയില്‍ മുസഫറിനെ കാണാതായി.
വര്‍ഷങ്ങള്‍ നീണ്ട അന്വേഷണമായിരുന്നു പിന്നീട്. ആറുവര്‍ഷങ്ങള്‍ക്കുശേഷം 2008 ജൂലൈ 14ന് ഗുജറാത്ത് വംശഹത്യാക്കേസുകള്‍ അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് മുസഫര്‍ മറ്റൊരു പേരില്‍ ജിവിച്ചിരിക്കുന്നുവെന്നു കണ്ടെത്തിയത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കഴിഞ്ഞ് അഞ്ചുമാസങ്ങള്‍ക്കുശേഷം അഹമ്മദാബാദിലെ തെരുവിലെവിടെയോ അലഞ്ഞുതിരിയുന്ന മൂന്നുവയസുകാരനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ക്രൈംബ്രാഞ്ച് പോലിസ് ഉദ്യോഗസ്ഥനാണു കണ്ടെത്തുന്നത്. അയാള്‍ കുട്ടിയെ തന്റെ അര്‍ധസഹോദരന്‍ വിക്രം പട്‌നിയുടെ കൈകളിലേല്‍പ്പിച്ചു. മത്സ്യക്കച്ചവടക്കാരായ കുടുംബം അവനെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തി. കുട്ടിയ്ക്കുവേണ്ടിയുള്ള അന്വേഷണമൊന്നും അവരറിയുന്നുണ്ടായിരുന്നില്ല. അറിഞ്ഞുവരുമ്പോഴേക്കും മുസഫര്‍ വിവേകെന്ന പേരില്‍ അവരുടെ മകനും മീനയും വിക്രവും അവനു മാതാപിതാക്കളുമായിക്കഴിഞ്ഞിരുന്നു.
ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ മൃതദേഹങ്ങള്‍ക്കിടയില്‍, അഭയാര്‍ഥി ക്യാംപുകളില്‍ എല്ലായിടത്തും സലീം ശൈഖ് മകനെ തേടിനടന്നു. എന്നാല്‍ കണ്ടെത്തിയില്ല. വിവേക് സലീം ശൈഖിന്റെ മകനാണെന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുമ്പോള്‍ ഏഴു വയസായിരുന്നു മുസഫറിന്റെ പ്രായം. തുടര്‍ന്നു നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ ബന്ധുത്വം സ്ഥിരീകരിച്ചു. വിവേകിനെ വിട്ടുകൊടുക്കാന്‍ വിക്രമിന്റെ കുടുംബം തയാറായിരുന്നില്ല. മകനെ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് സൈബുന്നിസ കോടതിയെ സമീപിച്ചു. എന്നാല്‍ പെറ്റമ്മയെ കണ്ടെത്തിയെങ്കിലും പോറ്റമ്മയെ വിട്ടുപോകാന്‍ മുസഫറും തയാറായില്ല. പിന്നീടാണ് കോടതി ഇടപെട്ട് പരിഹാരമുണ്ടാക്കുന്നത്. അതുപ്രകാരം മുസഫര്‍ രണ്ടു വീടുകളിലുമായി കഴിഞ്ഞു. മുസഫറിനെക്കുറിച്ചുള്ള കഥകള്‍ കേട്ടാണ് ഫജാന്‍ വളരുന്നത്. അവന് ഒരു പരാതിയേയുള്ളൂ. മുസഫര്‍ വല്ലപ്പോഴുമേ വീട്ടില്‍ വരാറുള്ളൂ. അന്നു കൊല്ലപ്പെട്ടവരില്‍ പിതാവിന്റെ സഹോദരിയുമുണ്ടായിരുന്നുവെന്ന് ഫജാന്‍ പറഞ്ഞു. ചെറുപ്പമായിരുന്നു അവള്‍.


കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍ക്കിടയിലും മുതിര്‍ന്നവരുടെ മനസില്‍ കനലെരിയുന്നുണ്ട്. വംശഹത്യയെന്തെന്ന് അവര്‍ കണ്ടതാണ്. അതിന്റെ ഗന്ധം ഇപ്പോഴുമവരറിയുന്നുണ്ട്. മറവിയുടെ ഇരുളില്‍ വീഴാത്തതാണ് അവയെല്ലാം. 200 കുട്ടികളുണ്ട് കോളനിയില്‍. ഭൂരിഭാഗവും വംശഹത്യയ്ക്കുശേഷം ജനിച്ചവര്‍. കോളനിയ്ക്കുള്ളില്‍ സ്‌കൂള്‍ പോലുമില്ലെന്നു പറയുന്നു പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ ഇക്‌റാം. ദൂരെയുള്ള സ്‌കൂളിലേക്ക് അയയ്ക്കാന്‍ മാതാപിതാക്കള്‍ക്കു പേടിയാണ്. എന്നിരുന്നാലും പുതിയ തലമുറയ്ക്കു പുതിയ ലക്ഷ്യങ്ങളുണ്ട്. പൊട്ടിപ്പൊളിഞ്ഞ വീടുകള്‍ക്കും ഇടുങ്ങിയ തെരുവുകള്‍ക്കും മാലിന്യക്കൂമ്പാരങ്ങള്‍ക്കുമൊപ്പമുള്ള ജീവിതത്തിനുമപ്പുറം മറ്റൊരു ജീവിതം അവര്‍ കാണുന്നുണ്ട്. നിരാശയുടെ പൊടിയണിഞ്ഞ കോളനിയ്ക്കു മുകളിലും പ്രതീക്ഷയുടെ ഒരു വെട്ടം തിളങ്ങിനില്‍ക്കുന്നുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago
No Image

ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  a month ago
No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago