നിര്‍മാണം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം ആരംഭിക്കാതെ ആദിക്കാട്ടുകുളങ്ങര മത്സ്യ വിപണ കേന്ദ്രം
ചാരുംമൂട്: കോടികള്‍ ചിലവഴിച്ച് കെട്ടിടം നിര്‍മിച്ചിട്ടും പ്രവര്‍ത്തനം ആരംഭിക്കാതെ കിടക്കുകയാണ് ആദിക്കാട്ടുകുളങ്ങരയിലെ ആധുനിക മത്സ്യ വിപണന സമുച്ചയം.
അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടി മാലിന്യം നിറഞ്ഞ് കിടന്ന ആദിക്കാട്ടുകുളങ്ങര പബ്ലിക്ക് മാര്‍ക്കറ്റിനെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടികള്‍ മുടക്കിപുതിയ കെട്ടിടം നിര്‍മിച്ചത്.
നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങളായെങ്കിലും ഉദ്ഘാടനം നടത്തി കെട്ടിടം ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയില്ല. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനും നാഷണല്‍ ഫിഷറീസ് ഡവലപ്പ്മെന്റ് ബോര്‍ഡും ചേര്‍ന്ന് 1.75 കോടി രൂപ ചിലവഴിച്ചാണ് ഇവിടെ ആധുനിക മത്സ്യവിപണന സമുച്ചയം നിര്‍മിച്ചത്.
2013 നവംബര്‍ 4 ന് കെട്ടിട നിര്‍മാണത്തിന് തറക്കല്ലിട്ടത് മുന്‍ ഫിഷറീസ് മന്ത്രിയായിരുന്ന കെ ബാബുവാണ്. യുദ്ധകാലടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാനാണ് അന്ന് ലക്ഷ്യമിട്ടതെങ്കിലും ഇതുവരെയും നടപ്പാക്കാനായില്ല. മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള വലിയ ഫ്രീസര്‍, മിനി ഐസ് പ്ലാന്റ്, മത്സ്യ തൊഴിലാളികള്‍ക്ക് വിശ്രമ മുറി, ആധുനിക മാലിന്യ സംസ്ക്കരണ യൂനിറ്റ്, ശൗചാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടം നിര്‍മിക്കുന്നത്.
90 ശതമാനം തുക കേന്ദ്രസര്‍ക്കാരിന്റെയും ബാക്കിത്തുക സംസ്ഥാന സര്ക്കാരിന്റേതുമായിരുന്നു.
സമീപവാസി കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സ്റ്റേ ഉണ്ടായതിനെതുടര്‍ന്ന് ഇടയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായിരുന്നു. മത്സ്യവിപണന, വിതരണ തൊഴിലാളികള്‍ ഈ മേഖലയില്‍ കൂടുതലുള്ളതിനാലാണ് മത്സ്യവിപണന കേന്ദ്രത്തിനായി ഇവിടം തിരഞ്ഞെടുത്തത്. നിലവിലുള്ള ചന്ത മാലിന്യം നിറഞ്ഞ് കാലുകുത്താന്‍ പറ്റാത്ത അവസ്ഥയിലാണ്.
അതിനാല്‍ പുതിയ കെട്ടിടത്തില്‍ ആധുനിക മത്സ്യ വിപണന കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."