സാമ്പത്തിക പ്രതിസന്ധി മറികടക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍: മദ്യത്തിന് പിന്നാലെ ഡീസല്‍ പെട്രോള്‍ വിലയും കൂട്ടി
ന്യൂഡല്‍ഹി:മദ്യത്തിന് വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഡീസലിനും പെട്രോളിനും വിലവര്‍ധിപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി ഉയര്‍ത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഈ രണ്ട് ഇന്ധനങ്ങളുടെയും വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
ഡീസല്‍ വില ലിറ്ററിന് 7.1 ഉം പെട്രോളിന് 1.67 രൂപയുമാണ് ഉയര്‍ത്തിയിരിക്കുന്നത്. പെട്രോളിന് വാറ്റ് 27 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കൂട്ടി. ഡീസലിന്റെ വാറ്റ് 16.75 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഇരട്ടിപ്പിക്കുകയും ചെയ്തു.
ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് ഇപ്പോള്‍ ലിറ്ററിന് 71.26 രൂപയാണ് വില. മുമ്പ് 69.59 രൂപയായിരുന്നു. ഡിസല്‍ വില 69.39 രൂപയായും ഉയര്‍ന്നു.കൊവിഡ് പശ്ചാത്തലത്തില്‍ തകര്‍ന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് വിലവര്‍ധനവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച മദ്യവിലയിലും വലിയ തോതിലുള്ള വര്‍ധനവ് സര്‍ക്കാര്‍ വരുത്തിയിരുന്നു. കൊറോണ ഫീ എന്ന പേരില്‍ 70 ശതമാനം വര്‍ധനവാണ് മദ്യത്തിന്റെ നികുതിയില്‍ വരുത്തിയിട്ടുള്ളത്.ഒരു കുപ്പി മദ്യത്തിന്റെ എം.ആര്.പിയിലാണ് 70 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതായത് 1000 രൂപ വിലയുള്ള ഒരു കുപ്പി മദ്യത്തിന് ഇനി മുതല്‍ 1700 രൂപയായിരിക്കും സര്‍ക്കാര്‍ ഈടാക്കുക.
ഷോപ്പുകള്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6.30 വരെ തുറക്കാന്‍ അനുവദിക്കണമെന്ന് തിങ്കളാഴ്ച അര്‍ദ്ധരാത്രി പുറപ്പെടുവിച്ച ഉത്തരവില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പൊലിസിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."