നാട്ടുകാരുടെ ദാഹമകറ്റാതെ കല്യോട്ട്കുന്ന് കുടിവെള്ള പദ്ധതി
മാനന്തവാടി: കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്തിന്റെ ദാഹമകറ്റാന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതി നോക്കുകുത്തിയാകുന്നു.
മാനന്തവാടി നഗരസഭ പരിധിയിലെ കല്യോട്ട്കുന്ന് കുടിവെള്ള പദ്ധതിയാണ് ഇന്നും നാട്ടുകാര്‍ക്ക് ഒരു തുള്ളി കുടിവെള്ളം നല്‍കാതെ നോക്കുകുത്തിയായത്. പ്രദേശത്തുകാരുടെ നിരന്തര മുറവിളികള്‍ക്കൊടുവില്‍ ഒരു കോടി 28 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും നാളിതുവരെയായിട്ടും ഒരു ഹൗസ് കണക്ഷന്‍ പോലും നല്‍കാതെ അധികൃതര്‍ നിസംഗത തുടരുകയാണ്. കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായ പ്രദേശത്ത് ആദിവാസി വിഭാഗത്തില്‍പ്പെട്ട 100 ഓളം കുടുംബങ്ങള്‍ ഉള്‍പ്പെടെ 500 ഓളം കുടുംബങ്ങളാണ് ഉള്ളത്.
ഇവര്‍ക്ക് ഹൗസ് കണക്ഷന്‍, 15 ഓളം പൊതു ടാപ്പുകളിലേക്ക് വെള്ളം എത്തിക്കല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രദേശവാസിയായ വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്ത് 75,000 ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്ക് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം രണ്ടര വര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ചത്. ചൂട്ടക്കടവില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച പുതിയ കുടിവെള്ള പദ്ധതിയില്‍ നിന്ന് ഈ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നുണ്ടെങ്കിലും പ്രദേശത്തെ ഒരാള്‍ക്ക് പോലും ഹൗസ് കണക്ഷന്‍ നല്‍കുന്നതിനോ അപേക്ഷ സ്വീകരിക്കുന്നതിനോ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. രണ്ട് പൊതു കിണറുകളും ആറ് പൊതു ടാപ്പുകളുമാണ് പ്രദേശത്ത് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."