സഊദിയിൽ ചികിത്സക്ക് ശേഷം വിശ്രമിക്കുകയായിരുന്ന മലയാളി മരിച്ചു
റിയാദ്: ചികിത്സക്ക് ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു മലയാളി സഊദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഇഞ്ചവിള പനയം സ്വദേശി ഹലാം കുട്ടി (57) ആണ് ഖസീം പ്രവിശ്യയിലെ ഉനൈസയിൽ മരിച്ചത്. ഇവിടെ സഊദി പൗരന്റെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കിഡ്നി, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് മാസങ്ങളായി ചികിത്സയിലായിരുന്നു. നാട്ടിൽ നിന്ന് വൈദ്യ പരിശോധന കഴിഞ്ഞ് തിരിച്ചെത്തി മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കെ ദേഹാസ്വസ്ഥ്യമുണ്ടാവുകയും രണ്ട് മാസം മുമ്പ് ഉനൈസയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനക്ക് വിധേയനാവുകയും ചെയ്തു.
രക്തസമ്മർദം അനിയന്ത്രിതമായതിനെ തുടർന്ന് തൊട്ടടുത്ത ദിവസം ഉനൈസ കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം അവിടെ ഐ.സി.യുവിൽ കഴിയുകയും ഡയാലിസിന് വിധേയനാവുകയും ചെയ്തു. താൽകാലിക ശമനമായതോടെ ഉനൈസയിലെ ബന്ധുവിന്റെ സഹായത്തോടെ താമസസ്ഥലത്ത് വിശ്രമത്തിൽ കഴിയുകയായിരുന്നു. അതിനിടെ 10 ദിവസം മുമ്പ് വീണ്ടും ദേഹാസ്വാസ്ഥ്യമുണ്ടായി ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിച്ചു. അഞ്ച് ദിവസത്തെ വിദഗ്‌ധ ചികിത്സക്ക് ശേഷം വീണ്ടും ഉനൈസയിലെ താമസ സ്ഥലത്ത് വിശ്രമത്തിലായിരിക്കെ കഴിഞ്ഞ ദിവസം റൂമിൽ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെ താമസിക്കുന്ന സുഹൃത്ത് വിളിച്ചറിയിച്ചതിനെ തുടർന്ന് ബന്ധുവായ റഹീം കുട്ടി ഉടനെ അവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം ഉനൈസ കിങ് സഊദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 20 വർഷത്തോളമായി പ്രവാസിയാണ്. രണ്ടുവർഷമായി ഉനൈസയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. ഏഴ് മാസം മുമ്പാണ് അവസാനം നാട്ടിൽ പോയി വന്നത്. ഭാര്യ: ഷെരീഫ. മക്കൾ: നുജൂം, മുബീന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."