സൈനിക നടപടി മോദി രാഷ്ട്രീയവല്‍ക്കരണത്തിന് ഉപയോഗിക്കുന്നു: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഭീകരര്‍ക്കെതിരേ സൈന്യത്തിന്റെ ധീരമായ ഇടപെടലുകളെയും സൈനികരുടെ രക്തസാക്ഷിത്വത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരത്തിലുള്ള ശ്രമമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
തന്റെ പ്രവൃത്തിയില്‍ മതിമറക്കുന്ന പ്രധാനന്ത്രി ഇല്ലാത്ത ഉത്തരവാദിത്തങ്ങളെല്ലാം തലയിലേറ്റി താനാണ് എല്ലാമെന്നു നടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മോദിയെന്ന് മാത്രമാണ് പ്രധാനമന്ത്രി എപ്പോഴും ഉരുവിടുന്ന ഒരു വാക്ക്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണത്തിനു കീഴിലല്ല രാജ്യമെന്ന് പ്രധാനമന്ത്രി ഓര്‍ക്കണം. 132 കോടി ജനങ്ങളുള്ള ഒരു ജനാധിപത്യ രാജ്യത്തെക്കുറിച്ച് അദ്ദേഹം മറക്കുകയാണ്.
പാകിസ്താന്റെ നേതൃത്വത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക നടപടി സ്വീകരിക്കാന്‍ മോദി തയാറാകണം. ദേശീയ സുരക്ഷയിലും രഹസ്യാന്വേഷണ രംഗത്തെ പരാജയത്തിലും ഒരുതരത്തിലുള്ള അനുരഞ്ജനവും പാടില്ല. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള നടപടികളൊന്നും തന്നെ ഉണ്ടാകുന്നില്ലെന്നും സുര്‍ജേവാല ആരോപിച്ചു. കഴിഞ്ഞ 56 മാസങ്ങള്‍ക്കുള്ളില്‍ 498 സൈനികരാണ് ജമ്മുകശ്മിരില്‍ വീരമൃത്യു വരിച്ചത്. പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരാക്രമണത്തില്‍ കഴിഞ്ഞ മാസം മാത്രം 55 സൈനികര്‍ക്കാണ് ജീവഹാനി നേരിട്ടത്.
56 മാസങ്ങളിലായി 5,665 തവണയാണ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഭീകരാക്രമണത്തെയല്ലാതെ അതിര്‍ത്തി മേഖലകളില്‍ പാകിസ്താന്‍ നടത്തുന്ന ആക്രമണത്തെ പൊതു വേദികളിലും ടെലിവിഷനുകളിലൂടെയും മോദി പരാമര്‍ശിക്കുന്നില്ല.രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മാത്രമാണ് സൈനികരുടെ ധീര രക്തസാക്ഷിത്വത്തെ മോദി പരാമര്‍ശിക്കുന്നത്. എല്ലാ രംഗത്തും പരാജയപ്പെട്ട മോദി സര്‍ക്കാരിന്റെ അവസാന ആശ്രയമാണ് സൈനികരെ ഉപയോഗിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതെന്നും കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."