എടച്ചേരിയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല
എടച്ചേരി: എടച്ചേരി ടൗണിലും പരിസരങ്ങളിലുമുള്ള വെള്ളക്കെട്ടിന് പരിഹാരമായില്ല. ഓവുചാലുകള്‍ വൃത്തിയാക്കാത്തതും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതും വയല്‍ നികത്തല്‍ വ്യാപകമായതുമാണ് കാരണം. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ എടച്ചേരി ടൗണും ചുണ്ടയില്‍ പുറമേരി റോഡും വെള്ളത്തിനടിയിലായി. ഇതുമൂലം ഈ പ്രദേശത്തെ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ കടുത്ത പ്രയാസത്തിലാണ്. വെള്ളം കെട്ടിനില്‍ക്കുന്നതു മൂലം റോഡ് തകരുന്നതും ഇവിടങ്ങളില്‍ പതിവാണ്.
മഴ ശക്തമായാലുടന് എടച്ചേരി പുതിയങ്ങാടി ടൗണില്‍ നരിക്കുന്ന് യു.പിസ്കൂള്‍ ഭാഗത്ത് റോഡില്‍ വെള്ളം നിറഞ്ഞ് കടകളിലേക്ക് ഒഴുകുന്നത് പതിവു കാഴ്ചയാണ്. വേങ്ങോളി, കമ്മോളി ഭാഗത്തു നിന്ന് ഓവുചാല്‍ വഴിയെത്തുന്ന വെള്ളം ടൗണിലെ ഓടകളില്‍ കെട്ടിക്കിടക്കുന്നതാണ് ടൗണിലെ വെള്ളക്കെട്ടിന് കാരണം. ഈ മഴക്കലത്തിന് മുന്‍പ് ഓവുചാലുകള്‍ വൃത്തിയാക്കണമെന്ന് കച്ചവടക്കാരും നാട്ടുകാരും പല തവണ പഞ്ചായത്തില്‍ പരാതി കൊടുത്തിരുന്നു. പുതിയ ഭരണസമിതിയും ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പ്പര്യം കാണിച്ചില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ചുണ്ടയില്‍ ഭാഗത്ത് വ്യാപകമായി വയലുകള്‍ നികത്തി നിരവധി വീടുകള്‍ ഇതിനകം നിര്‍മിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."