വലയിലായത് ക്ലാസ് കട്ട് ചെയ്ത് നഗരത്തില്‍ കറങ്ങിയ 52 വിദ്യാര്‍ഥികള്‍
കോഴിക്കോട്: സ്കൂളില്‍ പോകാതെ കറങ്ങുന്ന വിദ്യാര്‍ഥികളെ പിടികൂടുന്നതിനായി രൂപംനല്കിയ പൊലിസിന്റെ 'ഓപറേഷന് ഇടിമിന്നലില്‍' ഇന്നലെ പിടിയിലായത് 52 വിദ്യാര്‍ഥികള്‍. ഇതില്‍ ആറുപേര്‍ പെണ്‍കുട്ടികളാണ്.
ബൈക്കുകളില്‍ മിന്നല്‍ വേഗത്തില്‍ പായുകയും ട്രിപ്പിളടിക്കുകയും ചെയ്തവരും കാമുകന്മാരുമായി സരോവരം പാര്‍ക്ക്, ബീച്ച് തുടങ്ങി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ കറങ്ങിയവരുമാണ് ഇന്ന് പൊലിസ് പിടിയിലായത്.
'ഇടിമിന്നല്‍ ഓപറേഷന്' ശക്തമാക്കിയതോടെ നിരവധി വിദ്യാര്‍ഥികളാണ് ഓരോ ദിവസവും പിടിയിലാകുന്നത്. അമിതവേഗത്തില്‍ ബൈക്കോടിച്ചതുള്പ്പെടെ ഒന്‍പത് കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തു. 14 ബൈക്കുകള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. കാമുകന്മാരുമായി സരോവരം, ബീച്ച്, മാളുകള്‍ എന്നിവിടങ്ങളില്‍ കറങ്ങുകയായിരുന്ന ആറു വിദ്യാര്‍ഥിനികളാണു പിടിയിലായത്. ഇതില്‍ ഒരാളില്‍ നിന്ന് അവര്‍ക്കു പാകമാകാത്ത തരത്തിലുള്ള വലിയ വള കണ്ടെടുത്തു. വീട്ടില്‍ നിന്നു വീട്ടുകാരറിയാതെ വില്‍ക്കാനായി കൊണ്ടുവന്നതാണെന്ന് പൊലിസ് പറഞ്ഞു.
രണ്ടായിരത്തോളം രൂപ കൈയില്‍ കരുതിയ രണ്ടുപേരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. കളിക്കാനായാണു പണം കൊണ്ടുവന്നതെന്ന് ഇവര്‍ പൊലിസിനോടു പറഞ്ഞു. പിടിയിലായവരില്‍ നാലുപേരൊഴികെ എല്ലാവരും 18 വയസില്‍ താഴെയുള്ളവരാണ്. ക്ലാസ് കട്ട് ചെയ്തു വിദ്യാര്‍ഥികളുമായി കറങ്ങുന്ന പ്രായപൂര്ത്തിയായവര്ക്കെതിരേ കര്‍ശന നിയമം ചുമത്തി അറസ്റ്റ് ചെയ്യാനാണ് പൊലിസ് തീരുമാനം.
പിടിയിലായവരെ കൗണ്‍സിലിങ് സെന്ററുകളില്‍ കൗണ്‍സിലിങ്ങിനു വിധേയരാക്കി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. കുട്ടികളെ സംരക്ഷിക്കുന്നതിനായി രക്ഷിതാക്കള്‍ക്കു കര്‍ശന നിര്‍ദേശമാണ് പൊലിസ് നല്‍കിയത്. പിടിയിലാവരില്‍ യൂനിഫോം ധരിച്ചവരും മറ്റു വസ്ത്രങ്ങള്‍ ധരിച്ചവരുമുണ്ട്. ബാലുശ്ശേരി, താമരശ്ശേരി തുടങ്ങിയ ദൂര സ്ഥലങ്ങളിലുള്ളവരും നഗരപരിധിയിലുള്ളവരും പിടിയിലായവരിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."