കരിപ്പൂരിലെത്തുന്നത് 189 പ്രവാസികള്‍; കൂടുതലും മലപ്പുറം ജില്ലക്കാര്‍: അടിയന്തര ചികിത്സാര്‍ത്ഥം എത്തുന്നത് 51 പേര്‍
കോഴിക്കോട്: ഇന്ന് (വ്യാഴം) രാത്രി ദുബൈയില്‍ നിന്നും കരിപ്പൂരിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൊത്തം 189യാത്രക്കാരില്‍ 52 പുരുഷന്മാരും 22 സ്ത്രീകളുമടക്കം 74 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. എയര്‍ഇന്ത്യാ എക്സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ എത്തുന്നവരെ പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരിയിലോ അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.
ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവരെ സ്വന്തം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലേക്ക് അയയ്ക്കും. ഇവരെ ആരോഗ്യവകുപ്പിന്റെ കര്‍ശനമായ നിരീക്ഷണത്തില്‍ തന്നെയാകും വീട്ടില്‍ തുടരാന്‍ അനുവദിക്കുക. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ത്ഥം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. എല്ലാവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കി കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് കോവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകുക.
ഇന്ന് കരിപ്പൂരിലെത്തുന്ന കോഴിക്കോട് ജില്ലക്കാരില്‍ ഒന്‍പത് ഗര്‍ഭിണികള്‍, പത്തു വയസിന് താഴെയുള്ള അഞ്ച് കുട്ടികള്‍, അടിയന്തര ചികിത്സാര്‍ഥം എത്തുന്ന 26 പേര്‍, ഇവരിലുള്‍പ്പെടാത്ത 75 വയസിന് മുകളിലുള്ള ഏഴു പേര്‍ എന്നിങ്ങനെയുണ്ട്. ഇവര്‍ക്കാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാവുന്നത്.
വിവിധ ജില്ലകളില്‍ നിന്നുള്ള 85 പ്രവാസികള്‍ക്കാണ് വീടുകളില്‍ നിരീക്ഷണത്തിന് അനുമതിയുള്ളത്. അടിയന്തര ചികിത്സാര്‍ത്ഥം എത്തുന്നത് 51 പേരാണ്. കൂടാതെ 19 ഗര്‍ഭിണികള്‍, പത്തു വയസിന് താഴെയുള്ള ഏഴ് കുട്ടികള്‍, 75 വയസിന് മുകളിലുള്ള ആറ് പേര്‍, കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായെത്തുന്ന രണ്ട് പേര്‍ എന്നിങ്ങനെയാണ് സ്വയം നിരീക്ഷണത്തിന് വീടുകളിലേക്ക് പോകുന്നത്.
പ്രവാസികളെ ആശുപത്രികള്‍, കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലേയ്ക്കു മാറ്റാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വിമാനത്താവളത്തില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മതിയായ ആരോഗ്യ ജാഗ്രത ഉറപ്പാക്കിയിട്ടുണ്ട്. വീടുകളിലേക്ക് അയക്കാത്തവരെ ജില്ലയില്‍ എന്‍.ഐ.ടി ഹോസ്റ്റലിലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നത്. ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം കര്‍ശനമായ ആരോഗ്യ പരിശോധന നടത്തി പ്രത്യേക രോഗ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തുന്നവരെ വീട്ടിലേക്ക് അയയ്ക്കും. പൂര്‍ണമായ സുരക്ഷ ഉറപ്പാക്കി ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാകും ഇവര്‍ വീടുകളില്‍ കഴിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."