സ്വകാര്യവാഹനങ്ങളെ പ്രതിസന്ധിയിലാക്കി വാളയാര്‍ ടോള്‍പ്ലാസയില്‍ നിരക്കു വര്‍ധന
വാളയാര്‍: ദേശീയപാതയില്‍ വാളയാര്‍ പാമ്പാംപള്ളത്തുള്ള ടോള്‍ പ്ലാസയിലെ നിരക്കുകള്‍ വര്‍ധിപ്പിച്ചു. നിര്‍മാണം പൂര്‍ത്തിയായി മൂന്നു വര്‍ഷമാകുമ്പോഴേക്കും മൂന്നാം തവണയാണു നിരക്കു വര്‍ധന. നിത്യേന യാത്ര ചെയ്യുന്ന ടാക്‌സി ഡ്രൈവര്‍മാരെയും സ്വകാര്യ ബസുകാരെയും വര്‍ധന പ്രതിസന്ധിയിലാക്കും.
കേരളത്തിലേക്കുള്ള ചരക്കു നീക്കത്തെയും പ്രതികൂലമായി ബാധിക്കുമെന്നാശങ്കയുണ്ട്. 2015 നവംബറിലും തുടര്‍ന്ന് 2016 മാര്‍ച്ചിലും ടോള്‍ നിരക്കു പുതുക്കിയിരുന്നു. ദേശീയപാത മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ചാണു നിരക്കു വര്‍ധനയെന്നു കെഎന്‍ആര്‍ കമ്പനി പറഞ്ഞു.
ടോള്‍ പ്ലാസയ്ക്ക് 20 കിലോമീറ്റര്‍ ദൂരപരിധിയില്‍ താമസിക്കുന്നവരുടെ സ്വകാര്യ വാഹനങ്ങള്‍ക്കു പ്രതിമാസം നല്‍കേണ്ട തുക 235 രൂപയില്‍ നിന്ന് 245 രൂപയാക്കി. കാര്‍, ജീപ്പ്, തുടങ്ങിയ ചെറുകിട വാഹനങ്ങള്‍ക്ക് ഒരു വട്ടം ടോള്‍കടന്നുപോകുന്നതിനുള്ള തുകയില്‍ (55 രൂപ) മാറ്റമില്ലെങ്കിലും ഒരേദിവസം പോയിവരുന്നതിനു 80 ല്‍ നിന്നു 85 രൂപയാക്കി. ചെറുകിട വാഹനങ്ങള്‍ക്ക് 50 തവണ ഒരുമാസത്തേക്കു ഒരു വശത്തേക്കു മാത്രം 1815 രൂപ കൊടുത്തിരുന്നങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ 1895 രൂപ നല്‍കണം. 80 രൂപയുടെ വര്‍ധന. ചെറിയ വാണിജ്യ വാഹനങ്ങള്‍, ചെറിയ ചരക്കു വാഹനങ്ങള്‍, ചെറിയ ബസ് എന്നിവയുടെ ഒരു യാത്രയ്ക്കുള്ള 90 രൂപയില്‍ മാറ്റമില്ല. പക്ഷേ, അന്നേദിവസം തന്നെ മടക്കയാത്രയുണ്ടെങ്കില്‍ 140 രൂപ നല്‍കണം. (നേരത്തെ 130 രൂപ). ഇത്തരം വാഹനങ്ങള്‍ക്ക് 50 ഒറ്റയാത്രയ്ക്ക് ഒരു മാസത്തേക്കു 2935ല്‍ നിന്നു 3060 രൂപയാക്കി.
ഒരു വര്‍ഷത്തിനിടെ 125 രൂപയുടെ വര്‍ധന. ബസ് ട്രക്ക്, (രണ്ട് ആക്‌സില്‍) ഒറ്റയാത്രക്കുള്ള നിരക്കില്‍ അഞ്ചു രൂപ വര്‍ധിപ്പിച്ച് 190 രൂപയാക്കി. ഒരേദിവസം മടക്കയാത്രയുടെ നിരക്ക് 275ല്‍ നിന്നു 290 രൂപയാക്കിയിട്ടുണ്ട്. 50 ഒറ്റയാത്രയ്ക്ക് ഒരു മാസത്തേക്ക് 6150 രൂപയില്‍ നിന്ന് 6415 രൂപയാക്കി.
വ്യാവസായിക ആവശ്യത്തിനുള്ള വലിയ വാഹനങ്ങള്‍, മണ്ണു മാറ്റാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ എന്നിവയുടെ നിരക്കില്‍ ഗണ്യമായി വര്‍ധനയുണ്ട്. ഒരുയാത്രയ്ക്കുള്ള തുക 10 രൂപ കൂട്ടി 300 രൂപയിലെത്തി. ഒരേദിവസം മടക്കയാത്രയ്ക്കു കൂടിയാകുമ്പോള്‍ 435ല്‍ നിന്നു 455രൂപയാക്കി. 50 ഒറ്റയാത്രയ്ക്കു ഒരുമാസത്തേക്കു 9645ല്‍ നിന്നു 10,060 രൂപയാക്കി വര്‍ധിപ്പിച്ചു. 415 രൂപയുടെ വര്‍ധന. ഏഴോ അതിലധികമോ ആക്‌സിലുള്ള വാഹനങ്ങള്‍ക്കു ഒരു യാത്രയ്ക്കു 365 രൂപയും ഒരേദിവസം മടക്കയാത്രയുടെ നിരക്ക് 530ല്‍ നിന്നു 550 രൂപയും, 50 ഒറ്റയാത്രയ്ക്കു ഒരുമാസത്തേയ്ക്ക് 11,745 രൂപയില്‍ നിന്ന് 12,250 രൂപയുമാക്കി. 505 രൂപയുടെ വര്‍ധനയാണ്. ടോള്‍ നിരക്കിലെ വര്‍ധന കാരണം അതിര്‍ത്തി കടന്നെത്തുന്ന ലോറികളുടെ എണ്ണത്തില്‍ കുറവു വരാന്‍ സാധ്യതയേറെയാണെന്നു വാഹനഉടമകളുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."