ജലാശയങ്ങളായി ചെങ്കല്‍ ക്വാറികള്‍; തെളിനീരഴക്
ഇരിക്കൂര്‍: വേനല്‍ചൂട് കടുത്തതോടെ കുടിവെള്ളം കിട്ടാതെ പരക്കം പായുന്ന മലയോര വാസികള്‍ക്ക് ആശ്വാസമാവുകയാണ് ചെങ്കല്‍ ക്വാറികള്‍. ഇരിക്കൂര്‍ മേഖലയിലെ കിണറുകളും തോടുകളും ഭൂരിഭാഗവും വറ്റിയിരിക്കുകയാണ്.
എന്നാല്‍ സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പടിയൂര്‍ പഞ്ചായത്തിലെ കല്യാട്-തൂക്കുപാറ,കല്യാട്തട്ട് -ഊരത്തൂര്‍, ബ്ലാത്തൂര്‍ മേഖലകള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ് കല്ലുകൊത്തിയൊഴിഞ്ഞ പണകള്‍.
വിശാലമായി പരന്നു കിടക്കുന്ന സ്ഥലങ്ങളില്‍ നിന്നും ചെങ്കല്‍ കൊത്തിയെടുത്ത ശേഷം ഉപേക്ഷിക്കപ്പെട്ട വലിയ ക്വാറികളാണ് ഇന്ന് കൂറ്റന്‍ ജലസംഭരണികളായി മാറിയിരിക്കുന്നത്. നൂറുക്കണക്കിന് ഏക്കര്‍ സ്ഥലങ്ങളാണ് ഇവിടെ ക്വാറികള്‍ പരന്നു കിടക്കുന്നത്.മേല്‍പ്പരപ്പില്‍ നിന്നും 20 മുതല്‍ അന്‍പതു മീറ്റര്‍ വരെ ആഴത്തില്‍ ചെങ്കല്‍ കൊത്തിയ ശേഷം ഉപേക്ഷിക്കപ്പെട്ട പണകളിലെല്ലാം ശുദ്ധജല സംഭരണികളായി മാറിയിരിക്കുകയാണ്. സമീപവാസികള്‍ കുളിക്കാനും അലക്കാനും കൃഷിക്കും കുടിക്കാനുമെല്ലാം ഇതില്‍ നിന്നുമാണ് വെള്ളമുപയോഗിക്കുന്നത്.
ഇവിടെയുള്ള വെള്ളക്കുഴികളില്‍ മത്സ്യം വളര്‍ത്തി വരുമാനം നേടുന്നവരുമുണ്ട്. ഇതെല്ലാം പായലോ മറ്റു മാലിന്യങ്ങളോ ഇല്ലാത്ത ശുദ്ധജല തടാകങ്ങളാണ്. ചെങ്കല്‍ കൊത്തിയെടുത്താല്‍ ഉടന്‍ തന്നെ കുഴി മണ്ണിട്ട് മൂടണമെന്നാണ് നിയമമെങ്കിലും മിക്കതും മൂടാതെ ഒഴിവാക്കുകയാണ്. ബഹു ഭൂരിഭാഗവും ഭൂഉടമകളില്‍ നിന്ന് വാരത്തിന് എടുത്ത് കല്ല് കൊത്തിയ ശേഷം ഒഴിവാക്കിക്കൊടുക്കുകയാണ്.ഇവിടെ സര്‍ക്കാര്‍ സ്ഥലം കൈയേറി കല്ല് കൊത്തുന്നവരും ധാരാളമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."