കുടിവെള്ളവിതരണ സംവിധാനം അനിശ്ചിതത്വത്തില്‍
തൃശൂര്‍: വേനല്‍മഴയും കൈവിട്ടതോടെ ജില്ലയിലെ കുടിവെള്ളവിതരണസംവിധാനം അനിശ്ചിതത്വത്തില്‍. ഏപ്രില്‍ ആദ്യവാരം പിന്നിടുമ്പോള്‍ ജലസംഭരണികളില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ ശരീരത്തിനൊപ്പം മനസിനും ചൂടുനല്‍കുന്നതാണ്. പീച്ചി അണക്കെട്ടിലെ വെള്ളം നാള്‍ക്കുനാള്‍ താഴുകയാണ്. കഴിഞ്ഞമാസം അവസാനം വരെ 50.5 മില്യണ്‍ ലിറ്റര്‍ വെള്ളം വിതരണം ചെയ്ത സ്ഥാനത്ത് ഇക്കഴിഞ്ഞ ആഴ്ച്ചയില്‍ 46.7 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്തത്. 3.8 മില്യണ്‍ ലിറ്റര്‍ ജലത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. മഴ ഇനിയും ഒഴിഞ്ഞുനിന്നാല്‍ ജലവിതരണത്തിന്റെ തോതിനേയും അത് സാരമായി ബാധിക്കും. വേനല്‍ നേരിടുന്നതിനായി മാസങ്ങള്‍ക്ക് മുമ്പേ സര്‍ക്കാര്‍ യോഗം വിളിച്ച് നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പിലാക്കിയില്ല. ഭാരതപ്പുഴയില്‍ നിന്നുള്ള ജലവിതരണം ഈ മാസം 24നപ്പുറം പോകില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെയുള്ള അഞ്ചു തടയണകളില്‍ നിന്നും 12.5 മില്യണ്‍ ലിറ്റര്‍ വെള്ളം മാത്രമാണ് ലഭിക്കുന്നത്. മറ്റത്തൂര്‍, പുത്തൂര്‍, വേലൂര്‍ എന്നിവിടങ്ങളിലെ ക്വാറികളില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും പരിശോധന നടക്കുകയാണ്. കൊച്ചിയിലെ ലബോറട്ടറികളില്‍ ഇതിനുള്ള പരിശോധനകള്‍ പുരോഹമിക്കുകയാണ്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."