പ്രവാസികള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസര്‍മാര്‍
തിരുവനന്തപുരം: കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചിതായി. മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്കായുള്ള നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുന്നതും ക്വാറന്റൈന്‍ സംവിധാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും ഇവരാണ്. വിമാനത്താവളത്തിലെ മെഡിക്കല്‍ പരിശോധനക്കു ശേഷം കെ.എസ്.ആര്‍ടിസി ബസ്സുകളില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ നിശ്ചയിച്ചിരിക്കുന്ന താമസ സ്ഥലങ്ങളില്‍ എത്തിക്കുന്നുണ്ട്.
നമ്മുടെ ഇടപെടലും പ്രതിരോധവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് ഇന്നു വന്ന പരിശോധനാ ഫലം സൂചിപ്പിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദേശത്തുനിന്നായാലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നായാലും ഇങ്ങോട്ടുവരുന്നവരും അവര്‍ക്കുവേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങളും പൂര്‍ണ ജാഗ്രതയോടെ തുടരണം എന്ന മുന്നറിയിപ്പു കൂടിയാണിത്. അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ ഏതു ഭാഗത്ത് കുടുങ്ങിയാലും കേരളീയരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കുറച്ച് ആഴ്ചകളായി പ്രവാസികളുടെ തിരിച്ചുവരവിനായി വേണ്ട തയ്യാറെടുപ്പുകളാണ് നടത്തുന്നത്. കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
വിദേശത്തുനിന്ന് വരുന്നവരുടെ മുന്‍ഗണനാക്രമം തയ്യാറാക്കുന്നതും എത്ര പേരെയാണ് നാട്ടില്‍ കൊണ്ടുവരേണ്ടത്, ഏതു വിമാനത്താവളത്തിലാണ് അവരെ എത്തിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുന്നതും യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതും അതിന്റെ ചെലവ് ഈടാക്കുന്നതും കേന്ദ്ര സര്‍ക്കാരാണ്.നാട്ടിലെത്തിക്കഴിഞ്ഞാല്‍ അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരാണ്. മുഖ്യമന്ത്രി പറഞ്ഞു.
ഓരോ കേന്ദ്രത്തിനും ഒന്നുവീതം ഡോക്ടര്‍ ഉള്‍പ്പെടെ വൈദ്യസഹായം ഉറപ്പുവരുത്തിയിട്ടുണ്ട്. നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പു ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. മേല്‍നോട്ടത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. ആവശ്യമായ ആംബുലന്‍സ് സൗകര്യവും ഓരോ നിരീക്ഷണ കേന്ദ്രത്തിലുമുറപ്പുവരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."