വിശ്വാസികളിലെ സര്‍വശ്രേഷ്ഠര്‍
നാശം വിതച്ചവരെ ഉന്മൂലനം ചെയ്യാന്‍ പലരീതിയിലുള്ള മാര്‍ഗങ്ങള്‍ ലോകത്ത് നടപ്പായിട്ടുണ്ട്. മഹാമാരികളും പ്രകൃതി ദുരന്തങ്ങളും മനുഷ്യനിര്‍മിത അപകടങ്ങളും അതില്‍ പെടുന്നു. വിനാശകാരികളെ ശുദ്ധീകരിച്ച് സംസ്‌കരിക്കലും അഹന്തയില്‍ അഭിരമിച്ചവനെ ഉണര്‍ത്തലും മനുഷ്യന്റെ നിസാരത ബോധ്യപ്പെടുത്തലും ഒക്കെ ഇതിന്റെ ലക്ഷ്യത്തില്‍ പെടുന്നു. അതിലൂടെ ആത്യന്തികമായി അല്ലാഹുവിലേക്ക് മനുഷ്യനെ അടുപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തിരിക്കുഞ്ഞന്‍ വൈറസിന്റെ ഭീതിയില്‍ ഞെരിഞ്ഞമരുന്ന പ്രതിസന്ധിക്കിടയില്‍ നിന്നും ബദ്‌രീങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ചില ആലോചനകള്‍ നമ്മുടെ മനസ്സില്‍ തീര്‍ച്ചയായും ഉണര്‍വ് സൃഷ്ടിക്കുക തന്നെ ചെയ്യും.
ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായക സന്ധിയാണ് ബദ്ര്‍ പോരാട്ടം. റമദാന്‍ വ്രതനിര്‍ബന്ധത്തിനു പിന്നാലെയാണ് യുദ്ധമുണ്ടായത്. അല്‍ഹാഫിള് ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തി: 'ബദ്ര്‍ദിനം ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ മാസം പതിനേഴിനായിരുന്നു. അന്നത്തെ രാവില്‍ തിരുദൂതര്‍ നിസ്‌കാരാദി കര്‍മങ്ങള്‍ കൊണ്ട് ധന്യമാക്കിയിരുന്നു. അവിടുന്ന് സുജൂദില്‍ 'യാഹയ്യു യാ ഖയ്യൂം' എന്ന ദിക്‌റ് ആത്മാര്‍ഥമായി ആവര്‍ത്തിച്ചിരുന്നു'. സൈ്വര ജീവിതം അനുവദിക്കാതെ വിശ്വാസികളെ ശല്യം ചെയ്തപ്പോഴാണ് ഹിജ്‌റ നടക്കുന്നത്. പിറന്ന നാടിനെ ഉപേക്ഷിച്ച് മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തു. എന്നിട്ടും ഭീഷണിപ്പെടുത്തുന്ന സമീപനം ഉണ്ടായപ്പോഴാണ് അതിജീവനത്തിന്റെ ബദ്ര്‍ പോരാട്ടം നടക്കുന്നത്.
ബദ്‌റിന്റെ പോരാട്ട ചരിത്രം വിശകലനം ചെയ്യുമ്പോള്‍ ഏറ്റവും പ്രസക്തമായി മനസിലാക്കേണ്ടത് തിന്മയുടെ സംസ്‌കൃതി തൂത്തെറിയാനുള്ള മാര്‍ഗമായിരുന്നു ഇതെന്നാണ്. ബദ്‌റിലേക്ക് എത്തിപ്പെട്ട ഏറ്റവും വലിയ പ്രതിസന്ധി അബൂജഹ്‌ലിന്റെ എടുത്തു ചാട്ടമായിരുന്നു. കാര്യങ്ങള്‍ അവധാനതയോടെ മനസിലാക്കാതെ അസൂയയുടെ നെരിപ്പോടില്‍ സ്വയം പുകഞ്ഞു നടന്നിരുന്നവര്‍ ആ പോരാട്ടത്തിന് വഴിമരുന്നിട്ടു. എന്നാല്‍ അന്ന് ആ പോരാട്ടം നടത്തി സംസ്‌കാരിക ശുദ്ധീകരണം നടന്നില്ലായിരുന്നു എങ്കില്‍ ലോകത്തിന് ഇസ്‌ലാമിന്റെ സുന്ദര സംസ്‌കൃതി പരിചയപ്പെടാന്‍ സാധിക്കില്ലായിരുന്നു. പ്രപഞ്ച നാഥന്‍ എല്ലാത്തിനും തീരുമാനിച്ചത് അവിടെയും നടപ്പാക്കി എന്ന് ചുരുക്കം. ബദ്‌റില്‍ നബി തിരുമേനി (സ) ഇങ്ങനെ പ്രാര്‍ഥിക്കുന്നത് കാണാം: 'അല്ലാഹുവേ, ഈ സംഘത്തെ നീ പരാജയപ്പെടുത്തുകയാണെങ്കില്‍ പിന്നെ ഭൂമുഖത്ത് നിനക്ക് ആരാധന നടക്കുന്നതല്ല. അതുകൊണ്ട് നീ എനിക്കുതന്ന വാക്കു പാലിക്കണേ. നിന്റെ സഹായം കൊണ്ടനുഗ്രഹിക്കണേ'.
മുസ്‌ലിംകളുടെ വിശ്വാസത്തിന്റെയും ആത്മവീര്യത്തിന്റെയും മാറ്റു തെളിയിച്ച യുദ്ധമായിരുന്നു ബദ്ര്‍. വളരെ ചെറിയ ഒരു സംഘം മൂന്നിരട്ടി വരുന്ന സര്‍വായുധരായ വന്‍ സൈന്യത്തോടാണ് പൊരുതി ജയിച്ചത്. ആള്‍ബലമല്ല ആത്മശക്തിയാണ് വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്ന് തെളിയിക്കാന്‍ സ്വഹാബത്തിന് കഴിഞ്ഞു. അതിനാലാണ് അതിജീവനത്തിന്റെ ബദ്ര്‍ നമുക്ക് ഏത് പ്രതിസന്ധിയിലും ആവേശമാകുന്നത്. ബദ്ര്‍ നല്‍കുന്ന ഗുണപാഠങ്ങളോടൊപ്പം ആത്മീയമായ ഉന്നതിയുടെ നിരവധി പാഠങ്ങളുമുണ്ട്. നമുക്ക് അവരെ സ്മരിക്കുന്നതിലൂടെ ലഭിക്കുന്നത് ഇവ തന്നെയാണ്.
അരാജത്വത്തിനെതിരേ നടന്ന ധര്‍മപോരാട്ടത്തിന് നേതൃത്വം നല്‍കിയവരെ ശ്രേഷ്ഠ മുസ്‌ലിംകളായിട്ടാണ് നബി (സ) പരിചയപ്പെടുത്തിയത്. രിഫാഅതു ബ്‌നു റാഫിഇല്‍ നിന്ന് ഉദ്ധരിക്കുന്നു: ഒരിക്കല്‍ നബി സവിധത്തില്‍ ജിബ്‌രീല്‍ (അ) വന്നു ചോദിച്ചു. 'ബദ്‌റില്‍ പങ്കെടുത്തവരെ എങ്ങനെയാണ് നിങ്ങള്‍ കണക്കാക്കുന്നത്?' നബി (സ) മറുപടി പറഞ്ഞു: 'മുസ്‌ലിംകളിലെ സര്‍വശ്രേഷ്ഠര്‍ എന്ന പദവിയാണ് ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്' അപ്പോള്‍ ജിബ്‌രീല്‍(അ) പറഞ്ഞു: 'ബദ്‌റില്‍ പങ്കെടുത്ത മലക്കുകള്‍ക്കും ഞങ്ങള്‍ ഈ പദവി തന്നെയാണ് നല്‍കിയിരിക്കുന്നത് '(ബുഖാരി).
ഹാരിസത് (റ) അകലെ നിന്നു ബദ്ര്‍ യുദ്ധം വീക്ഷിക്കുകയായിരുന്നു. ഒരു ജലാശയത്തില്‍ നിന്നു വെള്ളം കുടിച്ചുകൊണ്ടിരിക്കെ അമ്പേറ്റാണ് അദ്ദേഹം രക്തസാക്ഷിയായത്. യുദ്ധക്കളത്തിലായിരുന്നില്ല മരിച്ചു വീണത്. ഹാരിസത്തിന്റെ(റ) പരലോക അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹത്തിന്റെ മാതാവ് തിരുനബി(സ)യോട് ചോദിച്ചു: 'നബിയേ, എനിക്കെന്റെ പുത്രനുമായുള്ള ബന്ധത്തെപ്പറ്റി തങ്ങള്‍ക്കറിവുള്ളതാണല്ലോ. അവന്‍ സ്വര്‍ഗപ്രവേശിതനാണോ?' നബി(സ)യുടെ മറുപടി ഇപ്രകാരം ആയിരുന്നു: 'സ്വര്‍ഗം പലതുണ്ട്. നിങ്ങളുടെ പുത്രന്‍ ഫിര്‍ദൗസുല്‍ അഅ്‌ലാ എന്ന അത്യുന്നത സ്വര്‍ഗത്തിലാകുന്നു' (ബുഖാരി). നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കാത്ത ആള്‍ക്ക് പോലും സ്വര്‍ഗത്തിലെ അത്യുന്നത പദവി ആണ് എങ്കില്‍ ശത്രു സൈന്യത്തിനോട് യുദ്ധമുഖത്ത് നിന്ന് പോരടിച്ചവര്‍ക്ക് അപ്പോള്‍ എത്ര പദവി ആണ് ഉണ്ടാവുക എന്ന ആലോചിച്ചു നോക്കൂ.
പ്രമുഖ സ്വഹാബിയായ ഖാലിദുബ്‌നുല്‍ വലീദ് (റ) ഒരിക്കല്‍ അബ്ദുറഹ്മാനുബ്‌നു ഔഫി(റ)നെ കുറിച്ച് നബി(സ)യോട് പരാതി ഉന്നയിച്ചു. നബി(സ) പറഞ്ഞു: 'ഖാലിദേ, ബദ്ര്‍ പോരാളികളില്‍പ്പെട്ട ഒരു വ്യക്തിയെ നീ വിഷമിപ്പിക്കുകയാണോ ? നീ മനസ്സിലാക്കുക, ഉഹ്ദ് മലയോളം സ്വര്‍ണം നീ ചെലവഴിച്ചാലും അന്ന് ബദ്ര്‍ പോരാളികള്‍ ചെയ്ത പുണ്യം നിനക്കു ചെയ്തു തീര്‍ക്കാനാകില്ല' (ഇബ്‌നു ഹിബ്ബാന്‍). ഇങ്ങനെ ബദ്ര്‍ പോരാളികളുടെ മഹത്വം വെളിവാക്കുന്ന നിരവധി സംഭവങ്ങള്‍ കാണാം.
ബദ്‌റില്‍ പങ്കെടുത്ത മഹാത്മാക്കളെ സ്മരിക്കേണ്ടത് നമ്മുടെ കടമയാണ്. അത്യുന്നത പദവി ലഭിക്കപ്പെട്ട ബദ്ര്‍ യോദ്ധാക്കള്‍ക്ക് ആ പദവി പരിഗണിച്ചു നല്‍കാന്‍ മുസ്‌ലിം ലോകം ശ്രമിച്ചതു കൊണ്ടാണ് അവരുടെ നാമങ്ങളും ചരിത്രങ്ങളും സൂക്ഷിക്കപ്പെട്ടത്. അത് ലോക മുസ്‌ലിംകള്‍ പാരായണം ചെയ്തു പോന്നു. അവര്‍ക്ക് മഹത്വം കല്‍പിച്ചു. തിരുനബി (സ)യും പിന്‍ഗാമികളായ സ്വഹാബാക്കളും ബദ്ര്‍ പോരാളികള്‍ക്ക് അളവറ്റ ബഹുമാനവും ആദരവും നല്‍കിയിരുന്നു. നിസ്‌കാരവേളകളില്‍ പോരാളികളില്‍പ്പെട്ട ഒരാള്‍ സ്ഥലത്തുണ്ടെങ്കില്‍ അവരെ മറികടന്ന് ഇമാമത്ത് പദവി സ്വീകരിക്കുവാന്‍ മറ്റാരും തയാറായിരുന്നില്ല. ലോക ചരിത്രത്തില്‍ ഒരു സംഘത്തെ ഇത്രമേല്‍ സ്മരിക്കപ്പെടുന്നത് കാണാന്‍ സാധ്യമല്ല. ബദ്ര്‍ യോദ്ധാക്കള്‍ക്ക് നല്‍കപ്പെടുന്ന പ്രത്യേകത പോലെ തന്നെ അവരുടെ നാമങ്ങള്‍ക്കും പ്രത്യേകതയുണ്ട്. ആ നാമം ഉച്ചരിക്കുന്നതിന് മുന്‍ഗാമികള്‍ മഹത്വം കല്‍പിച്ചിരുന്നു. അവരിലൂടെ കൈമാറ്റം ചെയ്തുവന്ന പാരമ്പര്യം ആണ് ബദ്ര്‍ മൗലിദിലൂടെയും മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സില്‍ പാരായണം ചെയ്യുന്ന അല്‍ ബദ്‌രിയ്യതുല്‍ മങ്കൂസിയ്യയിലുടെയും കേരള മുസ്‌ലിംകള്‍ സംരക്ഷിച്ചു പോരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."