ഓള് റൗണ്ട് റൈസേഴ്സ്; റാഷിദും വാര്‍ണറും തിളങ്ങി
ഹൈദരാബാദ്: ആദ്യം ബൗളര്‍മാരും പിന്നീടു ബാറ്റ്സ്മാന്മാരും ചേര്‍ന്നു സിംഹങ്ങളെ ആക്രമിച്ചപ്പോള്‍ ഗുജറാത്ത് ലയണ്‍സിനു ഐ.പി.എല്ലില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി. സണ്‍റൈസേഴ്സ് ഹൈദരാബാദ് തുടര്‍ച്ചയായ രണ്ടാം വിജയവും കുറിച്ചു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിനെ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ ഒതുക്കിയ സണ്‍റൈസേഴ്സ് 15.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 140 റണ്‍സെടുത്തു ഒന്‍പതു വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ഓപണറും നായകനുമായ ഡേവിഡ് വാര്‍ണര്‍ 45 പന്തില്‍ ആറു ഫോറും നാലു സിക്സും പറത്തി പുറത്താകാതെ 76 റണ്‍സ് അടിച്ചുകൂട്ടി മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ മൂന്നാമനായി ക്രീസിലെത്തിയ ഹെനന്റിക്വസ് നായകനെ പിന്തുണച്ചു. 39 പന്തില്‍ ആറു ഫോറുകളുമായി 52 റണ്‍സെടുത്ത ഹെന്റിക്വസും പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 108 റണ്‍സിന്റ കൂട്ടുകെട്ടുമായി ഹൈദരാബാദിനെ അനായാസം വിജയ തീരത്തെത്തിച്ചു. ഒന്‍പതു റണ്‍സെടുത്ത ശിഖര്‍ ധവാനെ മാത്രമാണു സണ്ണിനു നഷ്ടമായത്.
ടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശിരസാ വഹിച്ചു പന്തെടുത്തവരെല്ലാം മികവു പുലര്‍ത്തിയതോടെ ഗുജറാത്തിന്റെ ബാറ്റ്സ്മാന്മാര്ക്കു റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞില്ല. 27 പന്തില്‍ 37 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്താണു ടോപ് സ്കോറര്‍. ജാസന്‍ റോയ് (31), ദിനേഷ് കാര്‍ത്തിക് (30) എന്നിവരും തിളങ്ങി. മലയാളി താരം ബേസില്‍ തമ്പി ഒരു സിക്സടക്കം എട്ടു പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു.
അഫ്ഗാന് താരം റാഷിദ് ഖാന് നാലോവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു ഹൈദരാബാദിനായി തിളങ്ങി. റാഷിദ് ഖാന് തന്നെ കളിയിലെ കേമനുമായി. ഭുവനേശ്വര്‍ കുമാര്‍ രണ്ടും ആശിഷ് നെഹ്റ, ഒരു വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."