പി.എസ്.സിയില്‍ തസ്തിക പൂഴ്ത്തിവയ്പ്
കണ്ണൂര്‍: വിവിധ വകുപ്പുകളിലെ നിലവിലെ ഒഴിവുകള്‍ പി.എസ്.സിക്ക് സമയബന്ധിതമായി റിപ്പോര്‍ട്ടുചെയ്യണമെന്ന ഉത്തരവിന് പുല്ലുവില. പ്രതീക്ഷിത ഒഴിവുകള്‍ ഉള്‍പ്പെടെ ഇക്കഴിഞ്ഞ ജനുവരി 31നകം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്ന സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഉത്തരവിന്റെ സമയപരിധി പൂര്‍ത്തിയായി ഒരു മാസമായിട്ടും മിക്കവാറും ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. ജില്ലയില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ടു തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ ഇതുവരെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മൂന്നുമാസമായുള്ള ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിവച്ചിരിക്കുന്നത്. പലതവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. നിലവില്‍ നിയമനത്തിന് സാധ്യതയില്ലാത്ത വകുപ്പുതല തസ്തികമാറ്റം ലഭിക്കേണ്ട ഉദ്യോഗസ്ഥരുടെയും ഇതരജില്ലകളില്‍നിന്ന് സ്ഥലം മാറ്റം ലഭിക്കേണ്ടതുമായ ഏതാനം ഉദ്യോഗസ്ഥരുടെയും സമ്മര്‍ദത്തിന് വഴങ്ങിയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതെന്നാണ് ആക്ഷേപം. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ മനഃപൂര്‍വമുള്ള അനാസ്ഥ കാരണം നിരവധി ഉദ്യോഗാര്‍ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. അടിയന്തരമായി ഒഴിവുകള്‍ റിപ്പോര്‍ട്ട ചെയ്തില്ലെങ്കില്‍ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."