തൊട്ടില്‍പ്പാലം ഡിപ്പോ: കെ.എസ്.ആര്.ടി.സി ചെയിന്‍ സര്‍വിസ് വെട്ടിച്ചുരുക്കി
കക്കട്ടില്‍: തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്നു ചെയിന്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസുകളുടെ എണ്ണം അധികൃതര്‍ വെട്ടിച്ചുരുക്കുന്നതായി പരാതി. തൊട്ടില്‍പ്പാലം കുറ്റ്യാടി വഴി കോഴിക്കോട്ടേക്ക് ഒന്‍പതു ലോഫ്ളോര്‍ ബസും കുറ്റ്യാടി വഴി വടകരയിലേക്കുള്ള അഞ്ചു മലബാര്‍ ബസുകളുമാണ് സര്‍വിസ് നടത്തിയിരുന്നത്.
യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഏറെ യാത്രാക്ലേശം അനുഭവിക്കുന്ന വടകര റൂട്ടില്‍ ചെയിന്‍ സര്‍വിസ് ആരംഭിച്ചത്. അഞ്ചു പുതിയ ജനറം ലോ ഫ്ളോര്‍ ബസും ഇതിനായി അനുവദിച്ചിരുന്നു. ബസിന്റെ സമയക്രമം മാറ്റി സര്‍വിസ് നഷ്ടമാണെന്ന് വരുത്തിത്തീര്‍ത്ത് വെട്ടിച്ചുരുക്കുന്നുവെന്നാണ് ആരോപണം. ചില സ്വകാര്യ ബസ് മുതലാളിമാരെ സഹായിക്കാന്‍ അധികൃതര്‍ ഒത്തുകളിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
വടകര ഭാഗത്തേക്ക് രണ്ടു ലോഫ്ളോര്‍ ബസുകള്‍ മാത്രമാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമെ വടകര-മാനന്തവാടി റൂട്ടിലോടുന്ന കെ.എസ്.ആര്.ടി.സി ബസും ഇടയ്ക്കിടെ സര്‍വിസ് നിര്‍ത്തുന്നതായി പരാതിയുണ്ട്. രാത്രിയാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന ചെയിന്‍ സര്‍വിസ് നിര്‍ത്തലാക്കുന്നത് ജനങ്ങള്‍ക്ക് ഏറെ ദുരിതമാണുണ്ടാക്കുന്നത്,
ബസുകളുടെ ഷെഡ്യൂള്‍ വെട്ടിച്ചുരുക്കുന്നതിനു കാരണം ആവശ്യത്തിന് ഡ്രൈവര്‍മാര്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ 135 ഡ്രൈവര്‍ ആവശ്യമുള്ളിടത്ത് 130 ഡ്രൈവര്‍മാര്‍ നിലവിലുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."