ഇ.എഫ്.എല്‍ നിയമം: വ്യാഖ്യാനം തെറ്റിദ്ധാരണാജനകമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ഇ.എഫ്.എല്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് തോട്ടം മേഖലയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന വ്യാഖ്യാനം തെറ്റിദ്ധാരണാജനകമെന്ന് സര്‍ക്കാര്‍.
2003 ലെ കേരള ഫോറസ്റ്റ് (വെസ്റ്റിങ് ആന്‍ഡ് മാനേജ്‌മെന്റ്) ആക്ടിന്റെ സെക്ഷന്‍ 2 (സി) പ്രകാരം തേയില, കാപ്പി, റബര്‍, കുരുമുളക്, ഏലം, നാളികേരം, അടക്ക, കശുവണ്ടി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ പ്രധാനമായും കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ എന്ന നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കിയതാണ്.
അതുകൊണ്ട് പുതുതായി നിയമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഈ നിയമവ്യവസ്ഥ നിലനില്‍ക്കെ തന്നെ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് തോട്ടങ്ങള്‍ വനം വകുപ്പ് പിടിച്ചെടുക്കുകയോ തോട്ടങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയോ ചെയ്യുന്നുവെന്ന പരാതി ഉയര്‍ന്നു വന്നിരുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് നിരന്തര പരിശ്രമത്തിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ തീരുമാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് കേരളത്തിന്റെ താല്‍പര്യത്തിന് ഗുണകരമല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."