സഊദിയില്‍ വിമാനയാത്രക്ക് അനുകൂലമായി വ്യോമയാന നയം
ദമ്മാം: സഊദിയില്‍ വിമാനയാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വ്യോമയാന നയത്തില്‍ മാറ്റം വരുത്തുന്നു. ഇതുമൂലം വിമാനം വൈകുകയോ ബാഗേജുകള്‍ നഷ്ടപ്പെടുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ് പുതിയ നിയമം.വിമാനം വൈകിയാലും ലഗേജുകള്‍ നഷ്ടമായാലും യാത്രക്കാര്‍ക്ക് വിമാന കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം എന്നതടക്കം വ്യോമയാന മന്ത്രാലയം രൂപം നല്‍കിയ പുതിയ നിബന്ധനകള്‍ അടങ്ങിയ മാര്‍ഗനിര്‍ദേശ രേഖകള്‍ക്ക് സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി തലവന്‍ കൂടിയായ ഗതാഗത മന്ത്രി സുലൈമാന്‍ അല്‍ ഹംദാന്‍ അംഗീകാരം നല്‍കി.
അടുത്ത മാസം ഒന്നു മുതല്‍ പുതിയ നിയമം നിലവില്‍ വരും. പുതിയ നിയമം മൂലം അന്താരാഷ്ട്ര യാത്രക്കാരുടെ ലഗേജുകള്‍ നഷ്ടപ്പെട്ടാല്‍ ചുരുങ്ങിയത് 1100 റിയാലും പരമാവധി 2800 റിയാലും വിമാന കമ്പനികള്‍ നഷ്ട പരിഹാരം നല്‍കേണ്ടി വരും. മാത്രമല്ല, വൈകുന്ന ഓരോ ദിവസത്തിനും 200 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ നഷ്ടപരിഹാരവും നല്‍കണം. ഒരു മാസത്തിനകം ഇവ തിരികെ എത്തിച്ചു നല്‍കുകയും വേണം.
എന്നാല്‍ ആഭ്യന്തര യാത്രക്കാരുടെ ബാഗേജിന് 1000 റിയാല്‍ മുതല്‍ 1700 റിയാല്‍ വരെ നഷ്ടപരിഹാരം നല്‍കണം.മാത്രമല്ല, വൈകുന്ന ഓരോ ദിവസത്തിനും 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ നഷ്ടപരിഹാരവും നല്‍കണം. സുരക്ഷാ കാരണങ്ങളൊഴികെ അകാരണമായി വിമാനം ആറു മണിക്കൂര്‍ വൈകിയാല്‍ 370 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും മുന്തിയ ചിലവിലുള്ള താമസ സൗകര്യം ഏര്‍പ്പെടുത്തണമെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വീസുകള്‍ റദ്ദാക്കുകയാണെങ്കില്‍ 21 ദിവസം മുന്‍പേ യാത്രക്കാരെ അറിയിച്ചിരിക്കണമെന്നും വികലാംഗരുടെ സേവനങ്ങളില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് ടിക്കറ്റിന്റെ രണ്ടിരട്ടി പിഴയും അടക്കേണ്ടി വരുമെന്നും പുതിയ നിബന്ധനയില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."