ജില്ലയിലെ അരിവാള്‍ രോഗികള്‍ സമരത്തിലേക്ക്
കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിനൊരുങ്ങി ജില്ലയിലെ അരിവാള്‍ രോഗികള്‍.
ഈമാസം 11ന് സൂചനെയെന്നോണം കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും അരിവാള്‍ രോഗികളുടെ കൂട്ടായ്മയിലെ പ്രവര്‍ത്തകരായ സി.ഡി സരസ്വതി, ടി. മണിഷണ്ഠന്‍, പി.എസ് പ്രകാശന്‍, എ.എസ് രാംദാസ്, കെ.ആര്‍ അപ്പു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വര്‍ഷങ്ങളായുള്ള തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അധികൃതര്‍ മുഖംതിരിച്ച് നില്‍ക്കുന്നതിനെ തുടര്‍ന്നാണ് പ്രത്യക്ഷ സമരങ്ങള്‍ക്ക് ഒരുങ്ങിയതെന്ന് ഇവര്‍ പറയുന്നു. ജില്ലാ ആശുപത്രിയില്‍ അരിവാള്‍ രോഗത്തിനായി പ്രത്യേക യുനിറ്റ് ആരംഭിക്കുക, കേന്ദ്ര സര്‍ക്കാര്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെടുത്തിയ അരിവാള്‍ രോഗികള്‍ക്ക് ഉടന്‍ ഭിന്നശേഷി കാര്‍ഡ് നല്‍കുക, ഏഴുമാസമായി മുടങ്ങിക്കിടക്കുന്ന പ്രതിമാസ പെന്‍ഷന്‍ കുടിശിക ഉള്‍പ്പെടെ ഉടന്‍ അനുവദിക്കുക, രോഗികള്‍ ഉള്‍പ്പെട്ട കുടുംബത്തിലെ കടബാധ്യത എഴുതിത്തള്ളുക, പ്ലസ്‌വണിന് ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും അടുത്തുള്ള സ്‌കൂളില്‍ അഡ്മിഷന്‍ നല്‍കുക, ഏകജാലകത്തില്‍ നിന്ന് ഇവര്‍ക്ക് പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. അരിവാള്‍ രോഗിയാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ലഭിക്കുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ്. ജില്ലയില്‍ എവിടെ പരിശോധന നടത്തിയാലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി കോഴിക്കോടേക്ക് പോകേണ്ട അവസ്ഥയിലാണ് രോഗികളായവര്‍.
ഇത് ഇവര്‍ക്ക് തെല്ലൊന്നുമല്ല ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സര്‍ട്ടിഫിക്കറ്റ് ജില്ലാ ആശുപത്രിയില്‍ നിന്നെങ്കിലും ലഭിക്കുന്ന തരത്തിലേക്ക് അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നതാണ് ഇവരുടെ ആവശ്യം.
ജില്ലയില്‍ നിലവില്‍ രേഖകളിലുള്ളത് 816 രോഗികളാണ്. ഇതില്‍ 250ഓളം പേര്‍ ജനറല്‍ വിഭാഗത്തിലുള്ളവരും ബാക്കി ഭൂരിഭാഗം പേരും പട്ടിക ജാതി-വര്‍ഗ സമുദായത്തില്‍പ്പെട്ടവരുമാണ്. ഇവരെല്ലാം രോഗം കൊണ്ട് ഒരുപോലെ ബുദ്ധിമുട്ടുന്നവരുമാണ്. അതുകൊണ്ട് തന്നെ രോഗികളായവരുടെ ആവശ്യങ്ങള്‍ അധികൃതര്‍ അടിയന്തരമായി പരിഗണിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."