ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ഇടപെടല്‍ തുണയായി; തുടര്‍ചികിത്സക്കായി ഗഫൂര്‍ നാടണഞ്ഞു
മനാമ: ബഹ്‌റൈനില്‍ നിന്നും തിങ്കളാഴ്ച പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനത്തില്‍ മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല്‍ ഗഫൂര്‍ നാടണഞ്ഞു.
ഗുരുതരമായ രോഗം ബാധിച്ച് ബഹ്‌റൈനില്‍ ദുരിതജീവിതം നയിച്ചിരുന്ന ഗഫൂറിന് ബഹ്‌റൈനില്‍ ലഭ്യമായ പ്രാഥമിക ചികിത്സ നല്‍കിയതും ഒടുവില്‍ നാട്ടിലെത്തിക്കാന്‍ വഴി തെളിഞ്ഞതും ബഹ്‌റൈന്‍ കെ.എം.സി.സിയുടെയും മുസ്ലിം ലീഗ് നേതാക്കളുടെയും ശക്തമായ ഇടപെടലിലൂടൊയിരുന്നു.
ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് അദ്ദേഹം നാട്ടിലേക്ക് തുടര്‍ചികിത്സയ്ക്കായി പോയത്. കഴിഞ്ഞ മാര്‍ച്ച് 28നാണ് ശക്തമായ പുറം വേദന കാരണം നടക്കാന്‍ കഴിയാതെ പ്രയാസപ്പെട്ട അബ്ദുല്‍ ഗഫൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ആരും സഹായിക്കാനില്ലാതിരുന്ന ഇദ്ദേഹത്തിന് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയായിരുന്നു ആശ്രയമായത്.
ആദ്യം ശിഫ അല്‍ ജസീറാ മെഡിക്കല്‍ സെന്ററിലും പിന്നീട് ബഹ്‌റൈന്‍ സോഷ്യലിസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ച ഇദ്ദേഹത്തെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ ഉടന്‍ സല്‍മാനിയ ഹോസ്പിറ്റലിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. ബന്ധുമിത്രാതികളില്ലാതെ രോഗബാധിതനായി ബഹ്‌റൈനില്‍ ഒറ്റപ്പെട്ട അബ്ദുല്‍ ഗഫൂറിന് കെ.എം.സി.സി മലപ്പുറം ജല്ലാ ഭാരവാഹികളായ റിയാസ് വെള്ളച്ചാല്‍, ഉമര്‍ തൊരപ്പ, റിയാസ് ഒമാനൂര്‍, നൗഷാദ്, മുനീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇദ്ദഹത്തിനുള്ള ചികിത്സയും പരിചരണവും നല്‍കിയത്. സല്‍മാനിയ ഹോസ്പിറ്റല്‍ അധികൃതര്‍ 40 ലക്ഷത്തോളം രൂപയുടെ ചികിത്സയും സൗജന്യമായി നല്‍കി.
ഇതിനിടയില്‍ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും എംബസിയില്‍നിന്ന് അനുകൂല മറുപടിയൊന്നും ലഭിച്ചില്ല. തുടര്‍ന്ന് അബ്ദുല്‍ ഗഫൂറിന്റെ പ്രയാസങ്ങള്‍ സ്വാകാര്യ ചാനലിലൂടെ കുഞ്ഞാലിക്കുട്ടി എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അദ്ദേഹം കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബുറഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവരെ വിവരം അറിയിക്കുകയുമായിരുന്നു. കെ.എം.സി.സി സംസ്ഥാന നേതൃത്വം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് യാത്ര രേഖകള്‍ ശരിയാക്കി അബ്ദുല്‍ ഗഫൂറിന് തുടര്‍ചികിത്സയ്ക്ക് നാടണയാന്‍ സാധ്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."