വരാപ്പുഴ കസ്റ്റഡി മരണം: എസ്.ഐ ദീപക്കിനെതിരേ മുന്‍ മജിസ്‌ട്രേറ്റിന്റെ മൊഴി
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ മുന്‍ എസ്.ഐ ദീപക്കിനെതിരേ പറവൂര്‍ മുന്‍ മജിസ്‌ട്രേറ്റിന്റെ മൊഴി.
പ്രതികളെ ക്രൂരമായി മര്‍ദിക്കുന്ന പതിവ് എസ്.ഐ ദീപക്കിനുണ്ടെന്നും മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മജിസ്‌ട്രേറ്റ് മൊഴി നല്‍കിയത്.
ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്ത ഏപ്രില്‍ ഏഴിന് വൈകിട്ട് തന്നെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാന്‍ അനുമതി തേടിയിട്ടും അനുവദിച്ചില്ലെന്ന എസ്.ഐയുടെ പരാതിയില്‍ ഹൈക്കോടതിയില്‍ നല്‍കിയ മൊഴിയിലാണ് പറവൂര്‍ മജിസ്‌ട്രേറ്റായിരുന്ന സ്മിത, ദീപക്കിനെതിരേ മൊഴി നല്‍കിയത്. ഇതിനുമുന്‍പും പ്രതികളെ ക്രൂരമായി മര്‍ദിച്ച് എസ്.ഐ തന്റെ മുന്‍പില്‍ കൊണ്ടുവന്നിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹത്തെ താക്കീത് ചെയ്തിട്ടുണ്ട്.
കോടതി മാര്‍ഗനിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥനാണ് ദീപക്കെന്നും മൊഴിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴിന് രാത്രി വനിതാ പൊലിസുകാരി സ്‌നേഹലത പ്രതികളെ ഹാജരാക്കുന്നതിന് സമ്മതം ചോദിക്കാന്‍ വിളിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍, സ്‌നേഹലതയുടെ ഫോണ്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ല.
ഇക്കാരണത്താല്‍തന്നെ പ്രതികളെ ഹാജരാക്കുന്ന വിവരം പറയാന്‍ അവര്‍ വിളിച്ചിരുന്നോയെന്ന് അറിയില്ല. അസമയങ്ങളില്‍ അപരിചതരുടെ നമ്പര്‍ കണ്ടാല്‍ സാധാരണ മൊബൈല്‍ ഫോണ്‍ എടുക്കാറില്ല.
അന്നുതന്നെ വീട്ടില്‍ പ്രതികളെ ഹാജരാക്കിയെന്ന് പറയുന്നത് ശരിയല്ല. പിറ്റേന്ന് രാവിലെ 8.15 ഓടെ 24 മണിക്കൂറിനകം ഒമ്പത് പ്രതികളെയും ഹാജരാക്കി റിമാന്‍ഡ് ചെയ്‌തെന്ന് പൊലിസ് തന്നെ പറയുന്നുണ്ട്.
വയറു വേദനയായതിനാല്‍ പന്ത്രണ്ടാം പ്രതിയായ ശ്രീജിത്തിനെ ഹാജരാക്കുന്നില്ല എന്ന് പൊലിസ് അറിയിക്കുകയും ചെയ്തു. ശ്രീജിത്തിന്റെ അഭിഭാഷകന്‍ സുഭാഷ് പറഞ്ഞപ്പോള്‍ മാത്രമാണ് കസ്റ്റഡിയിലെ അക്രമത്തെക്കുറിച്ച് വിവരം കിട്ടുന്നത്.
ഇക്കാര്യം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ക്ക് സമന്‍സ് അയക്കുകയും അന്വേഷണത്തിനായി കേസ് ഏപ്രില്‍ 12 ലേക്ക് മാറ്റുകയും ചെയ്തു. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴിയെടുത്തുവെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."