പ്രദീപ് കുമാര്‍ എത്തുന്നതോടെ കോഴിക്കോട്ട് പോരാട്ടം കനക്കും
കോഴിക്കോട്: ഇടതുമുന്നണി സ്ഥാനാര്‍ഥിയായി എ. പ്രദീപ് കുമാറിനെ സി.പി.എം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി നാമനിര്‍ദേശം ചെയ്തതോടെ കോഴിക്കോട്ട് പോരാട്ടം കനക്കുമെന്നുറപ്പായി. രണ്ടു ടേം പൂര്‍ത്തിയാക്കിയ സിറ്റിങ് എം.പി എം.കെ രാഘവനെതിരേ ജനകീയനായ സ്ഥാനാര്‍ഥിയെയാണ് സി.പി.എം തെരഞ്ഞെടുത്തത്. ഇതോടെ ഇത്തവണ മണ്ഡലത്തില്‍ പോരാട്ടം വാശിയേറിയതാകും.
എതിരില്ലാതെയാണ് പ്രദീപ് കുമാറിന്റെ പേര് അംഗീകരിച്ചത്. സംസ്ഥാന സമിതിയുടെയും ദേശീയ നേതൃത്വത്തിന്റെയും അംഗീകാരത്തോടെ നാളെയാണ് സി.പി.എം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവരുന്നത്.
കോഴിക്കോട് മണ്ഡലത്തില്‍ രംഗത്തിറക്കാവുന്ന ഏറ്റവും ജനകീയനായ സ്ഥാനാര്‍ഥിയാണ് പ്രദീപ് കുമാര്‍ എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. നിലവില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എം.എല്‍.എയാണദ്ദേഹം. മൂന്നു തവണ എം.എല്‍.എയായ അദ്ദേഹത്തിന് ഇനി നിയമസഭയിലേക്ക് അവസരം ലഭിച്ചേക്കില്ല. ഈ പശ്ചാത്തലത്തിലാണ് ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കുന്നത്. നിരവധി ജനപ്രിയ പദ്ധതികള്‍ കോഴിക്കോട്ട് നടപ്പാക്കിയതാണ് പ്രദീപ് കുമാറിന് നേട്ടമായത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് മുന്‍പ് എല്‍.ഡി.എഫിന്റെ ആദ്യ പ്രചാരണ യാത്രയ്ക്കും പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചിരുന്നു.
ജനകീയനായ എം.കെ രാഘവനെയാണ് പ്രദീപ് കുമാര്‍ നേരിടേണ്ടിവരുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി വികസന പ്രവൃത്തികളാണ് രാഘവന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടത്തിയത്. ആദ്യ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ച രാഘവന്‍ രണ്ടാം തവണ ഭൂരിപക്ഷം പതിനായിരം കടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."