പ്രൊഫസര്‍ക്കെതിരായ രാജ്യദ്രോഹ പരാമര്‍ശം;മെഡി. കോളജ് വികസന സമിതി റിപ്പോര്‍ട്ട് വിവാദത്തില്‍
ചേവായൂര്‍: മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ആഖീല്‍ കലമാടിനെ 'രാജ്യദ്രോഹിയാക്കിയ' വികസന സമിതിയുടെ നടപടി ചോദ്യം ചെയ്യപ്പെടുന്നു. മെഡിക്കല്‍ കോളജിന്റെയും വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇടപെടാനോ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ ഉള്ള ആശുപത്രി വികസന സമിതിയുടെ അധികാരമാണ് ചോദ്യം ചെയ്യപ്പെടുന്നത്. മെഡിക്കല്‍ കോളജിന്റെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും പഠനകാര്യങ്ങളിലും അച്ചടക്ക വിഷയങ്ങളിലും ഇടപെടാന്‍ സ്റ്റാഫ് അഡൈ്വസറി ബോര്‍ഡും പി.ടി.എ കമ്മിറ്റിയും നിലനില്‍ക്കെ പത്ത് മാസം മുന്‍പ് നടന്ന പരിപാടിയില്‍ പങ്കെടുത്ത ഡോക്ടര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചാര്‍ത്താന്‍ ആശുപത്രി വികസന സമിതി കാണിച്ച അമിത താല്‍പര്യം സംശയത്തിനിടയാക്കിയിരിക്കുകയാണ്.
കഴിഞ്ഞ മെയ് 13ന് ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ഖാന്‍ പങ്കെടുത്ത പരിപാടിയില്‍ ഡോ. ആഖീല്‍ പങ്കെടുത്തതാണ് ആശുപത്രി വികസന സമിതി രാജ്യദ്രോഹ കുറ്റമായി കണ്ടത്. പരിപാടി വികസന സമിതിയുടെ അനുമതിയില്ലാതെയാണ് സംഘടിപ്പിച്ചതെന്നും അതില്‍ പങ്കെടുത്തതിലൂടെ ഡോ. ആഖീല്‍ രാജ്യദ്രോഹ കുറ്റമാണ് നടത്തിയതെന്നും വികസന സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പരിപാടിയില്‍ നിരവധി ഡോക്ടര്‍മാരും ജീവനക്കാരും പങ്കെടുത്തിരുന്നെങ്കിലും ആഖീല്‍ കലമാടിനെ മാത്രമാണ് രാജ്യദ്രോഹിയായി പരാമര്‍ശിച്ചത്. ഇത്തരത്തിലുള്ള ആരോപണം ഇദ്ദേഹത്തിനെതിരേ ഉയര്‍ന്നപ്പോള്‍ തന്നെ അന്വേഷണത്തിന് പ്രിസിപ്പല്‍ ഉത്തരവിടുകയും ഡോ. രാജീവനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷം ആരോപണത്തില്‍ കഴമ്പില്ലെന്ന് കാണിച്ച് അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ട് മറികടന്നാണ് ആശുപത്രി വികസന സമിതി റിപ്പോര്‍ട്ട് നല്‍കിയത്. വികസന സമിതി സെക്രട്ടറി കൂടിയായ പ്രിസിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍ ഈ അന്വേഷണത്തെ കുറിച്ച് മൗനം പാലിക്കുന്നതും ദുരൂഹമാണ്. അതേസമയം വികസന സമിതിയോഗത്തില്‍ ഡോ. ആഖീല്‍ കലമാടിനെതിരേ രാജ്യദ്രോഹ കുറ്റം ചര്‍ച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്ന് വികസന സമിതി അംഗങ്ങളായ കെ.വി സുബ്രഹ്മണ്യന്‍, ജിതേഷ് മുതുകാട് എന്നിവര്‍ പറഞ്ഞു. എപ്പോഴാണ് ഡോക്ടര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് അറിയില്ലെന്നും ഇവര്‍ പറഞ്ഞു.
പ്രിന്‍സിപ്പലിനെ ഘെരാവൊ ചെയ്തു
ചേവായൂര്‍: മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ആഖീല്‍ കലമാടിനെ രാജ്യദ്രോഹിയാക്കിയ വികസന സമിതിയുടെ റിപ്പോര്‍ട്ട് തിരുത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഘെരാവോ ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് വിദ്യാര്‍ഥികള്‍ ഓഫിസിലെത്തി പ്രിന്‍സിപ്പലിനെ ഘെരാവൊ ചെയ്തത്.
ഫ്രൊഫസര്‍ക്കെതിരായ പരാമര്‍ശം റിപ്പോര്‍ട്ടില്‍നിന്ന് നീക്കം ചെയ്യുക, പൊലിസില്‍ നല്‍കിയ പരാതി പിന്‍വലിക്കുക, വികസന സമിതിക്കുണ്ടായ തെറ്റിദ്ധാരണ വിശദമാക്കികൊണ്ട് പത്രക്കുറിപ്പ് ഇറക്കുക എന്നീ ആവശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. യോഗം വിളിച്ചു ചേര്‍ത്ത് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മൂന്ന് മണിക്കൂറോളം നീണ്ട ഘെരാവൊ വിദ്യാര്‍ഥികള്‍ അവസാനിപ്പിച്ചത്. ചര്‍ച്ചയില്‍ വൈസ് പ്രിസിപ്പല്‍ പ്രതാപ് സോമനാഥ്, ആശുപത്രി സൂപ്രണ്ട് കെ.ജി സജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സമരത്തിന് കോളജ് യൂനിയന്‍ ചെയര്‍മാന്‍ അമീന്‍ അബ്ദുല്ല, ആത്തിഫ്, ക്ലെനോ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് രാവിലെ സമര സമിതിയുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."