അഴിമതിക്കറ പുരണ്ട് വെള്ളമുണ്ട തൊടുവയല്‍ ജലനിധി പദ്ധതി
വെള്ളമുണ്ട: പതിനഞ്ച് ലക്ഷം മുടക്കി പൂര്‍ത്തിയാക്കിയ ജലനിധി കുടിവെള്ള പദ്ധതിയില്‍ നിന്നും ഒരു തുള്ളി ശുദ്ധവെള്ളം ലഭിക്കാതെ ഗുണഭോക്താക്കള്‍ കബളിപ്പിക്കപ്പെട്ടു. വെള്ളമുണ്ട പഞ്ചായത്തിലെ 16,17 വാര്‍ഡുകളില്‍പ്പെടുന്ന തൊടുവയല്‍, മൊളയാട്ടുമ്മല് പ്രദേശത്തെ 58 കുടുംബങ്ങളാണ് കുടിവെള്ളത്തിനായി പദ്ധതി വിഹിതമായ ഒന്നര ലക്ഷത്തോളം രൂപ നല്‍കിയിട്ടും വെള്ളം ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്.
2012 ലെ ജലനിധിപദ്ധതി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട വെള്ളമുണ്ടയിലെ ശുദ്ധജലക്ഷാമം രൂക്ഷമായ തൊടുവയല്‍ പ്രദേശത്തെ 58 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് തൊടുവയല്‍ ജലനിധി പദ്ധതി നടപ്പിലാക്കിയത്. ഇതില്‍ പ്രദേശത്തെ ഓരോ ഗുണഭോക്താവും 2700 രൂപയാണ് തങ്ങളുടെ വിഹിതമായി പദ്ധതിക്കായി നല്‍കിയത്. പദ്ധതിയിലുള്‍പ്പെട്ട ആദിവാസി വിഭാഗങ്ങളുടെ വിഹിതം ഗ്രാമ പഞ്ചായത്തും നല്കി. ഇങ്ങനെ 15 ലക്ഷത്തോളം രൂപയാണ് ശുദ്ധജല വിതരണത്തിനായി ചെലവഴിച്ചത്.
പത്ത് വര്‍ഷം മുമ്പ് തൊടുവയലില് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച കിണറും മൊളയാട്ടുക്കുന്നിലെ ടാങ്കുമാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തിയത്. ഉപയോഗ ശൂന്യമായിരുന്ന കിണര്‍ ആഴം വര്‍ധിപ്പിച്ച് ശുദ്ധജലം ലഭ്യമാക്കുമെന്നായിരുന്നു ജലനിധി പ്രതിനിധികള്‍ ഗുണഭോക്താക്കളെ വിശ്വസിപ്പിച്ചിരുന്നത്. പദ്ധതി പൂര്‍ത്തിയാക്കി മുന്ന് മാസം മുമ്പ് പരീക്ഷാണാടിസ്ഥാനത്തില്‍ വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങിയെങ്കിലും ഒരിക്കല്‍ പോലും കുടിക്കാന്‍ ആവശ്യമായ ശുദ്ധജലം പ്രദേശത്തുകാര്‍ക്ക് ലഭിച്ചില്ല.
ഇതേ തുടര്‍ന്ന് കിണര്‍ നന്നാക്കാനുള്ള ശ്രമങ്ങള്‍ നാട്ടുകാര്‍ സ്വന്തം ചിലവില്‍ നടത്തിയപ്പോഴാണ് യാതൊരു നവീകരണവും നടത്താതെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് നാട്ടുകാര്‍ക്ക് ബോധ്യമായത്. ഇതോടെ പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പ്രദേശവാസികള്‍ വിജിലന്‍സിനുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. കുടിവെള്ളം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും 2700 രൂപ നല്കി പദ്ധതിപൂര്ത്തിയായിട്ടും ഒരു തുള്ളി ശുദ്ധജലം ലഭിക്കാതെ കുടിവെള്ളത്തിനായി നെട്ടോടമോടേണ്ട ദുരിതത്തിലാണ് പ്രദേശ വാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."