ഒന്നര പതിറ്റാണ്ടായി മുടങ്ങിക്കിടന്ന വരന്തരപ്പിള്ളി തോട്ടുമുഖം ജലസേചന പദ്ധതി യാഥാര്‍ഥ്യമാകുന്നു
പുതുക്കാട്: മണ്ഡലത്തിലെ ബൃഹത് പദ്ധതികളില്‍ ഒന്നായ വരന്തരപ്പിള്ളി തോട്ടുമുഖം ജലസേചന പദ്ധതിക്ക് ഒന്നര പതിറ്റാണ്ടിനുശേഷം ചിറകുമുളക്കുന്നു. 10.17 കോടി രൂപചെലവില്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
ഒരു മാസത്തിനുള്ളില്‍ ടെന്‍ഡര്‍ പൂര്‍ത്തീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി കമ്മിഷന്‍ ചെയ്യാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 2005ലാണ് രണ്ടുകോടി ചെലവില്‍ പദ്ധതി ആരംഭിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയായിരുന്നു പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. വരന്തരപ്പിള്ളി പൊലിസ് സ്റ്റേഷന് സമീപം കുറുമാലി പുഴയോരത്ത് പദ്ധതിയുടെ വലിയ പമ്പ് ഹൗസ് നിര്‍മിച്ചിരുന്നു. പിന്നീട് പല കാരണങ്ങളാല്‍ പദ്ധതി മുടങ്ങുകയായിരുന്നു. കുറുമാലി പുഴയിലൂടെ ഒഴുകിയെത്തുന്ന ചിമ്മിനി ഡാമിലെ വെള്ളം പീച്ചി ഡാമിന്റ ഇടതുകര കനാലിലേക്ക് എത്തിക്കുന്ന സ്വപ്ന പദ്ധതിയാണ് തോട്ടുമുഖം ജലസേചന പദ്ധതി.
പമ്പ് ഹൗസില്‍ നിന്ന് 700 എം.എം പൈപ്പിലൂടെ രണ്ടര കിലോമീറ്റര്‍ ദൂരത്തുള്ള അളഗപ്പനഗര്‍ പഞ്ചായത്തിലെ വേപ്പൂരില്‍ എത്തിച്ച് ഇടതുകര കനാലിലൂടെ ജലസേചനം നടത്തിയും 400 എം.എം പൈപ്പ് വഴി 2.25 കിലോമീറ്റര്‍ ദൂരത്തില്‍ വരന്തരപ്പിള്ളി പഞ്ചായത്തിലെ പാലമ്പ്ര കുന്നിലെ ടാങ്കിലെത്തിച്ച് ഫീല്‍ഡ് കനാല്‍ നിര്‍മിച്ച് പഞ്ചായത്തിലെ പ്രദേശങ്ങളിലേയ്ക്ക് വെള്ളമെത്തിക്കുന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.
അളഗപ്പനഗര്‍, തൃക്കൂര്‍ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന പദ്ധതിയില്‍ പുതുക്കാട്, നെന്‍മണിക്കര പഞ്ചായത്തുകളിലെ ചില പ്രദേശങ്ങള്‍ക്കും ഗുണകരമാകും. കൂടാതെ വരന്തരപ്പിള്ളി പഞ്ചായത്തിലെ 842 ഹെക്ടര്‍ പ്രദേശത്തെ ജലസേചനത്തിനും പദ്ധതി പ്രയോജനപ്പെടും. ഇടതുകര കനാലിലേക്ക് ബന്ധിപ്പിക്കുന്ന പുതിയ കനാലിന്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചുവെങ്കിലും പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ട സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല. നിരവധി പ്രദേശങ്ങളില്‍ സ്ഥല ഉടമകളുടെ പ്രതിഷേധമുണ്ടായിരുന്നു. സൗജന്യമായാണ് സ്ഥലം എറ്റെടുത്തിരുന്നത്. പൈപ്പ് ലൈന്‍ സ്ഥാപിക്കാനുദേശിച്ച ഭാഗത്തുള്ള സ്ഥല ഉടമകളില്‍ ചിലര്‍ ഭൂമി വില്‍പന നടത്തിയത് തിരിച്ചടിയായി.
പദ്ധതി വൈകിയതിനെ തുടര്‍ന്ന് പൈപ്പ് കടന്നുപോകേണ്ട ഭാഗങ്ങളില്‍ ചിലര്‍ വീട് നിര്‍മിച്ചതും കിണര്‍ കുഴിച്ചതുമെല്ലാം നിര്‍മാണത്തെ തടസപ്പെടുത്തി. പിന്നീട് മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ പൈപ്പ് ലൈന്‍ സ്ഥലം ഏറ്റെടുത്തത്. പിന്നീട് വന്ന സാങ്കേതിക തടസങ്ങള്‍ ഉന്നത ഉദ്യോഗസ്ഥതലത്തില്‍ വരെ ചര്‍ച്ച നടത്തിയാണ് പരിഹരിച്ചത്.
പദ്ധതിയ്ക്കായി 400, 200, 40 കുതിര ശക്തിയുള്ള ഏഴു മോട്ടോറുകളാണ് ഉപയോഗിക്കുക. 10 വര്‍ഷത്തിലേറെയായി മുടങ്ങികിടന്ന തോട്ടുമുഖം പദ്ധതി ഏറെ പ്രയാസപ്പെട്ടാണ് ടെന്‍ഡര്‍ നടപടികളിലേയ്ക്ക് എത്തിച്ചതെന്ന് മന്ത്രി സി. രവീന്ദ്രനാഥിന്റെ ഓഫിസ് അറിയിച്ചു. അഞ്ച് പഞ്ചായത്തുകള്‍ക്ക് ഗുണകരമാകുന്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കാര്‍ഷിക രംഗത്ത് പുത്തനുണര്‍വേകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."