അളഗപ്പനഗര്‍ നാഷനല്‍ ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷന്‍ പാര്‍ക്കില്‍ മണ്ണ് തള്ളുന്നു; ഇതിനെ പാര്‍ക്കെന്ന് വിളിക്കാമോ?
പുതുക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷനല്‍ ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷന്റെ അളഗപ്പനഗറിലുള്ള കുട്ടികളുടെ പാര്‍ക്കിലാണ് മണ്ണ് തള്ളിയിരിക്കുന്നത്. സമീപത്ത് നിര്‍മിക്കുന്ന സഹകരണ ബാങ്ക് കെട്ടിടം പൊളിച്ച് മാറ്റിയതിന്റെ മണ്ണാണ് പാര്‍ക്കില്‍ തള്ളിയിരിക്കുന്നത്.
ഒരേക്കര്‍ വിസ്തീര്‍ണമുള്ള പാര്‍ക്കിന്റെ പകുതിയോളം ഭാഗം മണ്ണിട്ട നിലയിലാണ്. ബാങ്ക് കെട്ടിട നിര്‍മാണ സാമഗ്രികളും പാര്‍ക്കിലാണ് കൊണ്ടിട്ടിരിക്കുന്നത്. പാര്‍ക്കിലെ ഇരിപ്പിടങ്ങളും ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നട്ടുപിടിപ്പിച്ച വൃക്ഷതൈകളും മണ്ണിനടിയിലായി. ടെക്‌സ്‌റ്റൈല്‍സ് അധികൃതരുടെ അറിവോടെയാണ് പാര്‍ക്കില്‍ മണ്ണ് തള്ളിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
ഒരാഴ്ച മുന്‍പാണ് ടിപ്പര്‍ ലോറികളില്‍ കൊണ്ടുവന്ന മണ്ണ് പാര്‍ക്കില്‍ കുന്നുകൂട്ടിയിട്ടത്. അധികൃതരുടെ അവഗണനയില്‍ പാര്‍ക്കിലെ ഭൂരിഭാഗം കളിയുപകരണങ്ങളും നശിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പാര്‍ക്കില്‍ മണ്‍കൂനകള്‍ നിറഞ്ഞത്. ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിച്ചതോടെ കുട്ടികള്‍ മൈതാനമായാണ് പാര്‍ക്ക് ഉപയോഗിക്കുന്നത്. വേനലവധിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കുട്ടികള്‍ക്ക് ഉപകാരപ്രദമായ പാര്‍ക്കാണ് അധികൃതരുടെ ഒത്താശയോടെ ഇല്ലാതാകുന്നത്.
ടെക്‌സ്‌റ്റൈല്‍സ് ജനറല്‍ മാനേജരായിരുന്ന പോള്‍ ഫ്രാന്‍സീസാണ് 1986 ല്‍ പാര്‍ക്ക് സ്ഥാപിച്ചത്. അളഗപ്പ ചെട്ടിയാര്‍ സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് പാര്‍ക്ക് നിര്‍മിച്ചത്. മൂന്ന് വശവും റോഡുണ്ടായിട്ടും അനാഥമായി കിടക്കുന്ന സ്ഥലം കണ്ട ജനറല്‍ മാനേജരുടെ ആശയമായിരുന്നു പാര്‍ക്ക്. അളഗപ്പ മില്ലിലെ തൊഴിലാളികളുടെ മക്കള്‍ക്കായി ആരംഭിച്ച പാര്‍ക്ക് പിന്നീട് പൊതുജനങ്ങള്‍ക്കുകൂടി തുറന്നു കൊടുക്കുകയായിരുന്നു.
കുട്ടികള്‍ക്കുള്ള എല്ലാത്തരം കളിയുപകരണങ്ങളും ഇരിപ്പിടങ്ങളും ഒരുക്കിയ പാര്‍ക്ക് പിന്നീട് നാശത്തിന്റെ വക്കിലാവുകയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നല്ല രീതിയിലായിരുന്നു പാര്‍ക്കിന്റെ പ്രവര്‍ത്തനം. നാഷനല്‍ ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷന്‍ നടത്തുന്ന അളഗപ്പ മില്ല് സാമ്പത്തിക നഷ്ടത്തിലായതാണ് പാര്‍ക്കിന്റെ അധോഗതിക്ക് കാരണമായി അധികൃതര്‍ പറയുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമിയായതിനാല്‍ പാര്‍ക്ക് നവീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പഞ്ചായത്ത് അധികൃതര്‍. മണ്ഡലത്തിലെ ഏക പാര്‍ക്ക് നാശത്തിന്റെ വക്കിലെത്തിയിട്ടും അതിനെ കരകയറ്റാന്‍ അധികൃതര്‍ മുന്നോട്ടു വരാത്തതിലുള്ള പ്രതിഷേധവും നാട്ടുകാരിലുണ്ട്.
പാര്‍ക്കിന്റെ പൂര്‍ണമായ നാശം ലക്ഷ്യമാക്കിയാണ് കമ്പനി അധികൃതര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
വേനലവധിക്കാലത്തിന് മുന്‍പ് പാര്‍ക്കിലെ മണ്ണും മറ്റ് സാമഗ്രികളും നീക്കം ചെയ്ത് പാര്‍ക്ക് പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."