കാലിക്കറ്റ് യൂനിവേഴ്സിറ്റി എം.എ ഇംഗ്ലീഷ് പരീക്ഷാര്‍ഥികളെ വട്ടം കറക്കി
നിലമ്പൂര്‍: സിലബസിന് പുറമെ നിന്നുള്ള ചോദ്യങ്ങള്‍ നല്കി കാലിക്കറ്റ് യൂനിവേഴ്സിറ്റി എം.എ ഇംഗ്ലീഷ് വിദ്യാര്‍ഥികളെ വട്ടംകറക്കി. ഇന്നലെ നടന്ന എം.എ ഇംഗ്ലീഷ് ഒന്നാം സെമസ്റ്റര്‍ ഒപ്ഷണല്‍ വിഷമായ റൈറ്റിങ് ഓഫ് ദ മീഡിയ പരീക്ഷയിലാണ് മുഴുവന്‍ ചോദ്യങ്ങളും സിലബസിനു പുറത്തു നിന്നുവന്നത്. എന്തു ചെയ്യണമെന്നറിയാതെ പകച്ച വിദ്യാര്‍ഥികളോട് മറുപടി നല്കാന് പരീക്ഷക്ക് മേല്‍നോട്ടം വഹിക്കുന്ന അധ്യാപകര്‍ക്ക് സാധിച്ചില്ല. കഴിഞ്ഞ ഫെബ്രവരി പത്തിന് നടക്കേണ്ട ഈ പരീക്ഷ രണ്ടു തവണയും മാറ്റിയാണ് നടത്തിയത്. മാര്‍ച്ച് മൂന്നിന് നടത്താനായിരുന്നു തീരുമാനമെങ്കിലും പിന്നീട് തിയതി മാറ്റി ഏപ്രില്‍ പത്തിന് നടത്തുകയായിരുന്നു. അതേ സമയം എം.എ ഇംഗ്ലീഷിന്റെ തന്നെ മറ്റൊരു ഒപ്ഷണല്‍ വിഷയമായ അഡ്വാന്‍സ്ഡ് കമ്യൂണിക്കേഷനിന്റെ സിലബസിലെ ചോദ്യങ്ങളാണ് ഇന്നലെ വന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഈ പരീക്ഷ നേരത്തെ കഴിഞ്ഞുപോയതുമാണ്.
നിലവിലെ റഗുലര്‍ പുറമെ 2012 മുതല്‍ പരാജയപ്പെട്ടവരും ഇപ്പോള്‍ ഈ പരീക്ഷയെഴുതുന്നവരിലുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലുള്പ്പെട്ട സ്വാശ്രയ കോളജുകളിലടക്കം പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ആശയക്കുഴപ്പത്തിലായിരിക്കുന്നത്. യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ സിലബസ് മാറിയതായി അറിയില്ലെന്നായിരുന്നു മറുപടി. അതേസമയം സിലബസ് മാറിയ ചോദ്യപേപ്പര്‍ പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തി യൂനിവേഴ്സിറ്റി അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് എം.എ ഇംഗ്ലീഷ് വിദ്യാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."