ദുരിതക്കയത്തില്‍ നിന്ന് കരകയറാനാകാതെ വൃദ്ധ ദമ്പതികള്‍
കല്ലമ്പലം: ജന്മനാ രോഗിയും വികലാംഗയുമായ മകളുമായി ദുരിതക്കയത്തില്‍ നിന്ന് കരകയറാനാകാതെ വൃദ്ധ ദമ്പതികള്‍ കഷ്ടപ്പെടുന്നു. നാവായിക്കുളം മേനാപ്പാറ ഗുരുമന്ദിരത്തിനു സമീപം പുത്തന്‍ വീട്ടില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളാള്‍ ദുരിതമനുഭവിക്കുന്ന വിശ്വംഭര (74)നും, ഭാര്യ സരസ്വതി (70)ക്കും ഓമനിക്കാന്‍ കുട്ടിത്തം മാറാത്ത മാറാരോഗിയും വികലാംഗയുമായ ഏക മകള്‍ റീജ (45) മാത്രം. പരസഹായമില്ലാതെ ഒന്നെഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത മകളെ ചികിത്സിക്കാനും പരിചരിക്കാനും തുടങ്ങിയിട്ട് വര്‍ഷം 45 ആയി.
ഒരിക്കലും മകള്‍ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് അറിയാമെങ്കിലും ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറല്ല. പ്രതീക്ഷ കൈവിടാതെ ചോര്‍ന്നൊലിക്കുന്ന മണ്‍കട്ട കൊണ്ട് കെട്ടിയുണ്ടാക്കിയ ഷീറ്റിട്ട വീട്ടില്‍ പുന്നാര മകളുടെ ദേഹത്ത് മഴവെള്ളം വീഴാതെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന കരളലിയിക്കുന്ന കാഴ്ച്ച ഒന്നല്ലാതെ ഒരു നോക്കുകൂടി കാണാന്‍ കഴിയില്ല. മാനം കറുക്കുമ്പോള്‍ വീട്ടിലെ ചോര്‍ച്ചയുള്ള ഭാഗങ്ങളിലെല്ലാം നിലത്ത് ഓട്ടുപാത്രങ്ങള്‍ സ്ഥാനം പിടിക്കും. നിറയുമ്പോള്‍ പുറത്തേക്ക് ഒഴിക്കും വീണ്ടും പഴയപടി സ്ഥാനം പിടിക്കും.
പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ വീട് നിര്‍മിക്കാനായി മൂന്ന് ലക്ഷം രൂപ രണ്ടു വര്‍ഷത്തിനു മുമ്പ് ലഭിച്ചെങ്കിലും വീടു പണി പകുതിയായപ്പോഴേക്കും തുക തീര്‍ന്നു.
വീടു പണി പൂര്‍ത്തിയാക്കുവാനോ മകളുടെ ചികിത്സയ്‌ക്കോ അന്നോടന്നുള്ള അന്നത്തിനോ വഴിയില്ലാതെ തങ്ങളുടെ വിധിയോര്‍ത്തു വിലപിക്കുകയാണ് ഈ മൂന്നംഗ കുടുംബം. ഇവരെ സഹായിക്കാന്‍ സന്മനസുള്ളവര്‍ കേരള ഗ്രാമീണ്‍ ബാങ്ക് കല്ലമ്പലം ശാഖയില്‍ സരസ്വതിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് തുക അയക്കാം. അക്കൗണ്ട് നമ്പര്‍ 40352101039276 ഐ.എഫ്. എസ്.സി.കോഡ്: കെ.എല്‍.ജി.ബി0040352
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."