സി.പി.എം: 15 സീറ്റില്‍ സ്ഥാനാര്‍ഥികളായി
തിരുവനന്തപുരം: പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ നിലപാടുകൂടി പരിഗണിച്ച് സി.പി.എം സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികക്ക് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും അനുമതി നല്‍കി. പട്ടിക പോളിറ്റ് ബ്യൂറോക്ക് കൈമാറി. ചാലക്കുടിയില്‍ സിറ്റിങ് എം.പി ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ എതിരഭിപ്രായം ഉയര്‍ന്നെങ്കിലും മറ്റ് ചര്‍ച്ചകളൊന്നും വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജയസാധ്യത പരിഗണിച്ച് എം.എല്‍.എമാരെ രംഗത്തിറക്കുന്നതിലൂടെ സ്വതന്ത്രരെയും പൊതുസമ്മതരെയും പരീക്ഷിക്കുന്ന പതിവ് രീതിയാണ് സി.പി.എം അവസാനിപ്പിച്ചിരിക്കുന്നത്.
സ്വതന്ത്രരെ സ്ഥിരമായി പരീക്ഷിക്കാറുള്ള എറണാകുളത്ത് പോലും പി. രാജീവിനെയാണ് പാര്‍ട്ടി പരിഗണിച്ചത്. കോട്ടയത്ത് സിന്ധുമോള്‍ ജോര്‍ജെന്ന പുതുമുഖത്തെ മത്സരിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാനം എത്തിയത് ജില്ലാ സെക്രട്ടറി വാസവനിലാണ്. പാര്‍ട്ടി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയിലുണ്ടായ ശക്തമായ വിയോജിപ്പാണ് പൊന്നാനിയില്‍ പി.വി അന്‍വറിനെ തീരുമാനിക്കുന്നതില്‍ തടസമായത്.
വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ജയസാധ്യതയില്ലെന്ന വിലയിരുത്തലും മണ്ഡലം കമ്മിറ്റിയില്‍ ഉണ്ടായി. വി. അബ്ദുറഹ്മാന്റെ പേര് പരിഗണിക്കണമെന്ന മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന സമിതി ചര്‍ച്ചയ്‌ക്കെടുത്തില്ല.
പൊന്നാനിയില്‍ ഒരു ചര്‍ച്ച കൂടി നടത്തണമെന്ന് മണ്ഡലം കമ്മിറ്റിയോട് കോടിയേരി ആവശ്യപ്പെട്ടിട്ടുണ്ട്. അന്‍വറിനെയോ നേരത്തേ സി.പി.ഐ സ്വതന്ത്രനായി തിരൂരങ്ങാടിയില്‍ മല്‍സരിച്ച സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തിനെയോ പരിഗണിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് നിര്‍ദേശം നല്‍കിയത്. അതിനിടെ, ഇന്ന് വൈകിട്ട് മൂന്നിന് എല്‍.ഡി.എഫ് യോഗം ചേരുമെങ്കിലും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി നാളെ പ്രഖ്യാപിക്കാനാണ് സി.പി.എം തീരുമാനം .
സി.പി.എം സ്ഥാനാര്‍ഥികള്‍
ആറ്റിങ്ങല്‍ - എ. സമ്പത്ത്
കൊല്ലം - കെ.എന്‍ ബാലഗോപാല്‍
പത്തനംതിട്ട - വീണ ജോര്‍ജ്
ആലപ്പുഴ - എ.എം ആരിഫ്
ഇടുക്കി - ജോയിസ് ജോര്‍ജ് (സ്വതന്ത്രന്‍)
കോട്ടയം - വി.എന്‍ വാസവന്‍
എറണാകുളം - പി. രാജീവ്
ചാലക്കുടി - ഇന്നസെന്റ് (സ്വതന്ത്രന്‍)
മലപ്പുറം- വി.പി സാനു
ആലത്തൂര്‍ - പി.കെ ബിജു
പാലക്കാട് - എം.ബി രാജേഷ്
കോഴിക്കോട് - എ. പ്രദീപ് കുമാര്‍
വടകര - പി. ജയരാജന്‍
കണ്ണൂര്‍ - പി.കെ ശ്രീമതി
കാസര്‍കോട് - കെ.പി സതീഷ് ചന്ദ്രന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."