കോടതിയലക്ഷ്യം പിന്‍വലിക്കാമെന്ന് എ.ജി; വഴങ്ങാതെ സുപ്രിംകോടതി
#കെ.എ സലിം
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസ് പിന്‍വലിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചിട്ടും സമ്മതിക്കാതെ സുപ്രിംകോടതി. നിരുപാധികം മാപ്പുപറയണമെന്ന ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ആവശ്യം പ്രശാന്ത് ഭൂഷണ്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണിത്.
കേസ് പരിഗണിക്കാന്‍ അരുണ്‍ മിശ്രയുടെ ബെഞ്ചിന് അധികാരമില്ലെന്നും ബെഞ്ച് മാറ്റണമെന്നുമുള്ള ആവശ്യത്തില്‍ പ്രശാന്ത് ഭൂഷണ്‍ ഉറച്ചുനിന്നു. ഇതോടെ കേസ് വിശാലമായ അര്‍ഥത്തില്‍ കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. കോടതി കേസ് ഏപ്രില്‍ മൂന്നിലേക്ക് മാറ്റി. സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതില്‍ തെറ്റുപറ്റിയെന്ന് പ്രശാന്ത് ഭൂഷണ്‍ സമ്മതിച്ചെങ്കിലും അതുപോരെന്നും നിരുപാധികം മാപ്പുപറയണമെന്നുമായിരുന്നു കോടതിയുടെ ആവശ്യം. എന്നാല്‍ അത് അംഗീകരിക്കില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. കേസ് ഇവിടെ അവസാനിപ്പിക്കണമെന്ന് കെ.കെ വേണുഗോപാലും പ്രശാന്ത് ഭൂഷന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കോടതി അനുവദിച്ചില്ല.
കേസില്‍ താന്‍ നിരുപാധികം മാപ്പുപറയുന്നതായി ദുഷ്യന്ത് ദവെ അറിയിച്ചെങ്കിലും ഭൂഷണ്‍ നേരിട്ട് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു.
നിരുപാധികം മാപ്പുപറയുന്നോ എന്ന അരുണ്‍ മിശ്രയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ മറുപടി. ഇതെത്തുടര്‍ന്ന് കേസ് തുടരുമെന്ന് കോടതി അറിയിക്കുകയായിരുന്നു.സി.ബി.ഐ ഇടക്കാല ഡയരക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് ഫെബ്രുവരി ഒന്നിന് ട്വിറ്ററില്‍ കുറിപ്പിട്ടതിനാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ പരാതിയില്‍ പ്രശാന്ത് ഭൂഷണെതിരെ കേസെടുത്തത്. ഈ കേസില്‍ പ്രശാന്ത് ഭൂഷണെ ശിക്ഷിക്കണമെന്ന് തനിക്ക് താല്‍പര്യമില്ലെന്ന നിലപാട് ഇന്നലെ ആവര്‍ത്തിച്ച അറ്റോര്‍ണി ജനറല്‍ ഭൂഷണ്‍ പോസ്റ്റിട്ടതില്‍ തെറ്റ് പറ്റിയെന്ന് പറഞ്ഞതോടെയാണ് കോടതിയലക്ഷ്യക്കേസ് പിന്‍വലിക്കാമെന്ന് അറിയിച്ചത്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളില്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കും വിധം പ്രസ്താവന നടത്തുന്നതും ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും ഇപ്പോള്‍ ട്രന്‍ഡായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നത് പോലെയല്ല കോടതിയില്‍ കേസില്‍ ഹാജരാകുന്ന അഭിഭാഷകന്‍ പരസ്യപ്രസ്താവനകള്‍ നടത്തുന്നതെന്നും കോടതി പറഞ്ഞു. എന്നാല്‍ കോടതിയെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് താന്‍ കുറിപ്പിട്ടതെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ മറുപടി. ഈ കേസ് അരുണ്‍ മിശ്രയുടെ ബെഞ്ച് കേള്‍ക്കരുതെന്ന് പറയാന്‍ തങ്ങള്‍ക്ക് വ്യക്തമായ കാരണങ്ങളുണ്ടെന്ന് പ്രശാന്ത് ഭൂഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. സഹാറാ ബിര്‍ല കേസ്, കാംപയിന്‍ ഫോര്‍ ജുഡീഷ്വല്‍ അക്കൗണ്ടബിലിറ്റി റിഫോം കേസ് തുടങ്ങിയവയില്‍ കോടതിയും പ്രശാന്ത് ഭൂഷണും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ അതൊന്നും വ്യക്തിപരമല്ല. അതേ ബെഞ്ച് തന്നെ ഈ കേസ് കേള്‍ക്കുന്നത് ശരിയല്ല ദവെ- പറഞ്ഞു.
കോടതിയെ വിമര്‍ശിക്കല്‍ പ്രശാന്ത് ഭൂഷന്റെ പതിവാണെന്നും മുന്‍ ചീഫ് ജസ്റ്റിസ് കപാഡിയ അഴിമതിക്കാരനാണെന്ന് പറഞ്ഞതിന് ഭൂഷണെതിരേ മറ്റൊരു കോടതിയലക്ഷ്യക്കേസ് നിലവിലുണ്ടെന്നും ഇതിനിടെ കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ബെഞ്ച് മാറ്റണമെന്ന ആവശ്യത്തെ വേണുഗോപാല്‍ എതിര്‍ത്തു.
സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ലോയയുടെ കേസിലും പ്രശാന്ത് ഭൂഷണ്‍ ചില ജഡ്ജിമാര്‍ കേസ് കേള്‍ക്കുന്നത് എതിര്‍ത്തിരുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിനിടെ ഇടപെട്ട് സംസാരിച്ചു.
സോളിസിറ്റര്‍ ജനറലിന് പ്രശാന്ത് ഭൂഷണ് എതിരായ കോടതി അലക്ഷ്യ ഹരജിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഇതിന് ദുഷ്യന്ത് ദവെ മറുപടി നല്‍കി. ദവാന്‍ നിങ്ങള്‍ ശാന്തനാകൂ എന്നായിരുന്നു അരുണ്‍ മിശ്രയുടെ മറുപടി. ഞാന്‍ ശാന്തനാണ്. എനിക്ക് രക്തസമ്മര്‍ദ്ദമില്ലെന്നും ദവാന്‍ പറഞ്ഞു. ആശുപത്രിയില്‍ പോയി പരിശോധിക്കൂ എന്ന് പറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്രയോട് താന്‍ സ്ഥിരമായി ചെയ്യാറുണ്ട്, ബഹുമാനപ്പെട്ട അങ്ങും പോയി പരിശോധിക്കൂ എന്നായിരുന്നു ദുഷ്യന്ത് ദവെയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."