യു.ഡി.എഫ് യോഗം നാളെ; രാജ്യസഭാ സീറ്റ് തര്‍ക്കം ചര്‍ച്ചയായേക്കില്ല
തിരുവനന്തപുരം: യു.ഡി.എഫ് ഏകോപന സമിതി യോഗം തിങ്കളാഴ്ച ചേരും. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനു രാജ്യസഭാ സീറ്റ് നല്‍കിയതിന്റെ പേരിലുണ്ടായ കലഹങ്ങള്‍ കെട്ടടങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തര്‍ക്കത്തിനു തുടക്കമിട്ട കോണ്‍ഗ്രസ് നേതാക്കള്‍ ശാന്തരായിക്കഴിഞ്ഞ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച വിഷയം കാര്യമായ ചര്‍ച്ചയാവില്ലെന്നാണ് സൂചന. കഴിഞ്ഞ യോഗത്തില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
രാജ്യസഭാ സീറ്റ് തര്‍ക്കം കോണ്‍ഗ്രസില്‍ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ച സാഹചര്യത്തില്‍ ഈ മാസം എട്ടിനാണ് കഴിഞ്ഞ യു.ഡി.എഫ് യോഗം ചേര്‍ന്നത്. യു.ഡി.എഫിനു കിട്ടുന്ന ഏക സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയ തീരുമാനത്തെ യോഗത്തില്‍ സുധീരന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തൊട്ടുമുന്‍പ് ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) നേതൃയോഗം യു.ഡി.എഫിലേക്കു തിരിച്ചുപോകാന്‍ തീരുമാനമെടുത്തതിനെ തുടര്‍ന്ന് മാണി യു.ഡി.എഫ് യോഗത്തിനെത്തിയപ്പോഴായിരുന്നു സുധീരന്റെ ഇറങ്ങിപ്പോക്ക്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടലുണ്ടാകുകയും മറ്റു മുതിര്‍ന്ന നേതാക്കള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയും ചെയ്തു. സുധീരന് പരസ്യമായി മറുപടി പറയേണ്ടതില്ലെന്ന നിലപാടാണ് എ.ഐ.സി.സി ജന. സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്വീകരിച്ചത്.
ഇതിനെ തുടര്‍ന്ന് മറ്റു കോണ്‍ഗ്രസ് നേതാക്കളും വിവാദത്തില്‍നിന്ന് പിന്മാറിയതോടെയാണ് തര്‍ക്കം കെട്ടടങ്ങിത്തുടങ്ങിയത്. ഈ സാഹചര്യത്തില്‍ നാളത്തെ യോഗത്തില്‍ ഈ വിഷയം പരാമര്‍ശിക്കേണ്ടതില്ലെന്ന നിലപാടിലാണ് സുധീരന്‍.
സംസ്ഥാന സര്‍ക്കാരിനെതിരേ വിവിധ വിഷയങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ട സമരങ്ങളെക്കുറിച്ചായിരിക്കും യോഗത്തില്‍ പ്രധാന ചര്‍ച്ചയെന്ന് അറിയുന്നു. നിയമസഭയുടെ നടപ്പു സമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളിലായിരിക്കും സമരങ്ങള്‍.
ഇതില്‍ നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി, പൊലിസുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ എന്നിവയ്ക്കായിരിക്കും മുന്‍തൂക്കം. ഉച്ചയ്ക്കു ശേഷം മൂന്നിന് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലായിരിക്കും യോഗമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."