ഉണരാത്ത നീതി
ആ അമ്മയുടെ വിശ്വാസം ചുവപ്പുരാഷ്ട്രീയമായിരുന്നു. മകനെ പഠിപ്പിച്ചതും ചെങ്കൊടി ഉയര്‍ത്താന്‍. ഇരട്ടച്ചങ്കിന്റെ നിഴലില്‍ തണല്‍ കൊതിച്ചവര്‍ക്കു ജീവനറ്റ മകന്റെ അമ്മയാകാനുള്ള കണ്ണീര്‍ ബാക്കിയായി. അവര്‍ക്കുവേണ്ടതു രക്തസാക്ഷിയുടെ അമ്മയെന്ന പരിവേഷമായിരുന്നില്ല, നീതികിട്ടിയ മകന്റെ അമ്മയെന്ന അവസ്ഥയായിരുന്നു. നീതി നിഷേധിക്കപ്പെട്ടിട്ടും മൂന്നുമാസം അവര്‍ കാത്തിരുന്നു.
ഒടുവില്‍, നീതിനിഷേധം ആ അമ്മയുടെ രാഷ്ട്രീയബോധത്തെ ഉണര്‍ത്തി. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കാന്‍ പൊലിസ് മേധാവിയുടെ ഓഫിസിനു മുന്നിലെത്തിയ ആ അമ്മയെ സ്വീകരിച്ചതു ക്രൂരമായ അനുഭവങ്ങള്‍. അല്ലയോ, പൊലിസുകാരേ ഇതൊക്കെ ചെയ്യാന്‍ ആ അമ്മ എന്ത് അതിക്രമമാണു കാട്ടിയത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, അങ്ങ് ഈ കിരാതകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രാജിവയ്ക്കുമെന്നൊന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല. എങ്കിലും, ഒരഭ്യര്‍ഥന, ആക്രമിക്കപ്പെട്ട ആ അമ്മയെ സമാധാനിപ്പിക്കുന്ന ഒരു വാക്കെങ്കിലും അറിയിക്കുക. നീതിക്കുവേണ്ടി കൂടെയുണ്ടാകുമെന്നറിയിക്കുക.
ഇനി കുട്ടി സഖാക്കന്മാരോട്്ു രണ്ടു വാക്ക്. നിങ്ങളുടെ സഹപ്രവര്‍ത്തകനല്ലേ കൊലചെയ്യപ്പെട്ടത്. അവനു നീതിനിഷേധിച്ചതിലൂടെ നിങ്ങള്‍ക്കു തന്നെയല്ലേ നീതി നിഷേധിക്കപ്പെട്ടത്. ജിഷ്ണുവിന്റെ അമ്മയെ തെരുവിലൂടെ വലിച്ചിഴച്ചതിലൂടെ നിങ്ങളുടെ സ്വന്തം അമ്മമാര്‍തന്നെയല്ലേ വലിച്ചിഴക്കപ്പെട്ടത്. എന്നിട്ടുമെന്തേ നിങ്ങള്‍ ശബ്ദമുയര്‍ത്താത്തത്. മുഷ്ടിചുരുട്ടി ഇങ്കുലാബ് വിളിക്കാത്തത്. അതോ, നിങ്ങള്‍ അവസരവാദത്തിന്റെ പ്രതീകമായി മാറുകയാണോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."