ട്രഷറിയും എ.ടി.എമ്മുകളും കാലി; നോട്ടു തേടി നെട്ടോട്ടം
തിരുവനന്തപുരം: എ.ടി.എമ്മുകളും ട്രഷറിയും കാലിയായതോടെ കറന്‍സി ക്ഷാമത്തില്‍ വലഞ്ഞ് ജനം. സംസ്ഥാനത്തെ ഭൂരിപക്ഷം എ.ടി.എമ്മുകളും കാലിയാണ്. ട്രഷറികളിലും നോട്ട് എത്തിയിട്ടില്ല. സംസ്ഥാനത്തെ 44 ട്രഷറികളിലേക്ക് ഒരു രൂപ പോലും ഇന്നലെ ലഭിച്ചില്ല. ഇതോടെ സംസ്ഥാനത്ത് നഗര ഗ്രാമ വ്യത്യാസമില്ലാതെ കറന്‍സി ക്ഷാമം രൂക്ഷമായി. പണം തേടി എ.ടി.എമ്മില്‍ നിന്നും എ.ടി.എമ്മുകളിലേക്ക് ഓടി നടക്കുകയാണ് ജനം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, വിരമിച്ചവരുടെ പെന്‍ഷന്‍, മൂന്നുമാസത്തെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍, ശമ്പളപരിഷ്‌കരണ കുടിശ്ശിക തുടങ്ങിയ വിതരണം തുടങ്ങിയതോടെ എ.ടി.എമ്മുകളിലും ബാങ്കുകളിലും പണം കാലിയായി. അക്കൗണ്ടില്‍ പണം എത്തിയിട്ടും പെന്‍ഷനും ശമ്പളവും ഉള്‍പ്പെടെ എടുക്കാനാവാതെ നിരവധി പേര്‍ പ്രതിസന്ധിയിലാണ്.
ബാങ്കുകളില്‍ നിന്ന് പോകുന്ന പണം തിരിച്ചുവരാത്തതാണ് പ്രശ്‌നമെന്നാണ് എസ്.ബി.ഐ അധികൃതര്‍ നോട്ടു ക്ഷാമത്തിന് കാരണമായി പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഗുരുതരമായ നോട്ടുക്ഷാമം നിലനില്‍ക്കുകയാണ്. എ.ടി.എം സ്‌ക്രീനുകളില്‍ തെളിയുന്നത് പണമില്ലെന്നും പ്രവര്‍ത്തനക്ഷമമല്ലെന്നുമുള്ള സന്ദേശങ്ങളാണ്. ദേശീയപാതയോരങ്ങളിലെ എ.ടി.എമ്മുകളിലും സ്ഥിതി ഇതുതന്നെ. കറന്‍സി ക്ഷാമം രൂക്ഷമായിട്ടും പ്രതിസന്ധി മറികടക്കാന്‍ നോട്ടുകളുടെ അച്ചടി വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയാറായിട്ടില്ല. നോട്ടു നിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ എട്ടിന് മുന്‍പേ ഉണ്ടായിരുന്നതിനേക്കാള്‍ 26 ശതമാനം കുറവ് കറന്‍സിയാണ് നിലവിലുള്ളത്. പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുക മാത്രമാണ് കറന്‍സി ക്ഷാമത്തിനുള്ള പ്രതിവിധിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട്.
ബാങ്കുകളിലും എ.ടി.എമ്മുകളിലും നിന്നുള്ള പണം പിന്‍വലിക്കലിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചുമത്തുന്ന അധിക നിരക്കുകളും കറന്‍സി ക്ഷാമം രൂക്ഷമാക്കാന്‍ ഇടയാക്കി. മാര്‍ച്ച് അവസാനിക്കുന്നതിന് മുന്‍പ് തന്നെ കൂടുതല്‍ പണം പിന്‍വലിച്ചു സൂക്ഷിച്ചു വയ്ക്കുന്നതിന് ഇടപാടുകാര്‍ തയാറായതും തിരിച്ചടിയായി. മാര്‍ച്ച് 31 ന് സമാപിച്ച ആഴ്ചയില്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ചത് 22,194 കോടിയായിരുന്നു. ഇതിന് തൊട്ടു മുന്‍പുള്ള ആഴ്ചയില്‍ പിന്‍വലിക്കപ്പെട്ടതാവട്ടെ 47,400 കോടി രൂപയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."