കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു: സാമൂഹികവ്യാപനത്തെ കരുതിയിരുന്നില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് വിദഗ്ധര്‍
ന്യുഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയുടെ സ്ഥാനം പതിനൊന്നാമതെത്തി.
ഇന്ത്യയില്‍ ഇതിനകം 85,546 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2746 പേര്‍ മരിച്ചു. എന്നാല്‍ ഇന്ത്യയില്‍ ചൈനയുടെ അത്ര മരണനിരക്ക് ഉണ്ടായിട്ടില്ല. 3.2 ശതമാനമാണ് ഇരാജ്യത്തെ മരണനിരക്ക്. ചൈനയില്‍ ഇത് 5.5 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 27,000 ത്തില്‍ അധികം പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയില്‍ ഇതുവരെ 82,933 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരിച്ചത് 4633 പേരാണ്.
അതേ സമയം കോവിഡിന്റെ സമൂഹികവ്യാപനത്തെ കരുതിയിരുന്നില്ലെങ്കില്‍ ഇന്ത്യക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. മെയ് 17ന് ശേഷം ലോക്ക്ഡൗണില്‍ ഇളവുകള്‍ വരും. ഇതോടെ ജനം പുറത്തിറങ്ങും. ഇതോടെ വൈറസ് വ്യാപനം വര്‍ധിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. നിലവില്‍ സമൂഹവ്യാപനം പലയിടത്തും ഉണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രഫ.കെ ശ്രീനാഥ് റെഡ്ഡിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
യാത്രാ, സമ്പര്‍ക്ക ചരിത്രമില്ലാത്തവര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇത് സമൂഹവ്യാപനത്തിന്റെ സൂചനയാണ്. വിദേശത്തുനിന്നു വന്നവര്‍, രോഗികളുടെ സമ്പര്‍ക്കം തുടങ്ങിയവയില്‍ മാത്രം പരിശോധിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. സമൂഹവ്യാപനം ഉണ്ടാവില്ലെന്നു പറയാനാകില്ല. നമ്മള്‍ ഈ വാക്ക് ഒഴിവാക്കിയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. എയിംസ് കാര്‍ഡിയോളജി വിഭാഗം മുന്‍ മേധാവിയും ഹര്‍വാര്‍ഡ് സര്‍വകലാശാലയിലെ എപിഡെമിയോളജി പ്രഫസറും കൂടിയായ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
മഹാമാരി വലിയതോതില്‍ ബാധിച്ചിരിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹവ്യാപനം ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഇന്ത്യയും കരുതിയിരിക്കണം. മുന്‍കരുതല്‍ നടപടികളെടുക്കണം. കോവിഡ് ഇത്തരത്തില്‍ ബാധിച്ച മറ്റു രാജ്യങ്ങളെ വച്ചുനോക്കുമ്പോള്‍, ഇന്ത്യ, മലേഷ്യ പോലുള്ള തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് മരണനിരക്കുകള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ താരതമ്യേന കുറവാണ്.
ചെറുപ്പക്കാരുടെ എണ്ണം, ഗ്രാമത്തില്‍ കൂടുതല്‍ ജനസംഖ്യ, താപനിലയും കാലാവസ്ഥാ സാഹചര്യങ്ങളും, എത്രയും നേരത്തേ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവയാകാം ഇന്ത്യയിലെ മരണനിരക്കിനെ പിടിച്ചുനിര്‍ത്തുന്നത്. എന്നാല്‍ ഇതില്‍ മാത്രമായി പിടിച്ചുനില്‍ക്കാന്‍ നമുക്കാകില്ല. വൈറസ് കുറേനാള്‍ക്കൂടി ഇവിടെയുണ്ടാകുമെന്നു വ്യക്തമായിട്ടുള്ളതാണ്.
ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുമ്പോള്‍ ജനം കൂടുതലായി പുറത്തിറങ്ങും. തെരുവുകളിലും ജനക്കൂട്ടം തിങ്ങിക്കഴിയുന്ന സ്ഥലങ്ങളിലും കാര്യങ്ങള്‍ സങ്കീര്‍ണമാവും. ഇതിലൂടെ വൈറസ് വ്യാപനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, കൈകഴുകല്‍ തുടങ്ങിയ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും തുടര്‍ന്നേ പറ്റുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."