അസാധ്യമായിരുന്ന പലതും ഇപ്പോള്‍ 'സാധ്യം' തന്നെ!
അസാധ്യമായതെല്ലാം ഇപ്പോള്‍ സാധ്യമാണെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പരസ്യവാചകം അച്ചട്ടായി പുലര്‍ന്നിരിക്കുകയാണിപ്പോള്‍. റാഫേല്‍ അഴിമതി സംബന്ധിച്ച രേഖകള്‍ പ്രതിരോധ സുരക്ഷാ മന്ത്രാലയത്തില്‍ നിന്നു മോഷണം പോയെന്നു കഴിഞ്ഞദിവസം അറ്റോണി ജനറല്‍ സുപ്രിംകോടതിയില്‍ പറഞ്ഞത് അതാണു വ്യക്തമാക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്തല്ലാതെ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു വിലപ്പെട്ട ഒരു രേഖ കളവുപോകില്ല.
രേഖയല്ല പകര്‍പ്പാണു മോഷ്ടിക്കപ്പെട്ടതെന്നു അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ പിന്നീട് തിരുത്തിയെന്നതു സത്യം. അപ്പോഴും അവശേഷിക്കുന്നില്ലേ ഈ പകര്‍പ്പെങ്ങനെ കള്ളന്റെ കൈയില്‍ കിട്ടിയെന്ന ചോദ്യം. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് കള്ളന്‍ അസല്‍രേഖ മോഷ്ടിച്ച് അതിന്റെ പകര്‍പ്പെടുത്ത് അസല്‍ വീണ്ടും അവിടെത്തന്നെ വച്ചതാണെങ്കില്‍ അതിന് ഇരട്ടി അധ്വാനം വേണം. അത് മുന്‍ സര്‍ക്കാരുകളുടെ കാലത്ത് തീര്‍ത്തും അസാധ്യമാണ്. മോദി സര്‍ക്കാരിന്റെ കാലത്ത് അതെല്ലാം സാധ്യമാകുന്നു.
13,500 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പു നടത്തി ലണ്ടനിലേക്കു മുങ്ങിയ നിരവ് മോദി പിടികിട്ടാപ്പുള്ളിയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അതേസമയം, നിരവ് മോദി ലണ്ടനില്‍ ആര്‍ഭാട ജീവിതവുമായി വിലസുകയാണ്. 155 ലക്ഷം രൂപ മാസവാടകയുള്ള ആഡംബര ഫ്‌ളാറ്റില്‍ അല്ലലും അലട്ടുമില്ലാതെ നിരവ് മോദി കഴിയുന്നു, തന്നെ പിടിക്കാന്‍ ഇന്ത്യയില്‍ നടക്കുന്ന കോലാഹലങ്ങളൊന്നും അറിയാതെ. ഒട്ടകപ്പക്ഷിയുടെ തോലു കൊണ്ടു നിര്‍മിച്ച 9 ലക്ഷം രൂപ വിലവരുന്ന ജാക്കറ്റുമിട്ടു ലണ്ടന്‍ തെരുവീഥികളിലൂടെ നിര്‍ഭയമായി സഞ്ചരിക്കുന്നു.
ബി.ജെ.പി സര്‍ക്കാരിന് നിരവ് മോദി പിടികിട്ടാപ്പുള്ളിയായിരിക്കാമെങ്കിലും ബ്രിട്ടിഷ് സര്‍ക്കാരിനു 'പിടികിട്ടുന്ന പുള്ളി' തന്നെയാണ്. ബ്രിട്ടിഷ് ഭരണകൂടത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ നിരവ് മോദി ഇന്നു ഇന്ത്യയിലെ ജയിലിലെത്തും. അതിനു കഴിയാത്തതു ബി.ജെ.പി സര്‍ക്കാരിന്റെ നയതന്ത്ര പരാജയമായിട്ടേ കാണാനാകൂ. ഇതൊന്നും മുന്‍പ് സാധ്യമായിരുന്നില്ല; ഇപ്പോഴതു സാധ്യമായിരിക്കുന്നു.
കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 13,500 കോടിയുടെ വായ്പാ തട്ടിപ്പു നടത്തി നിരവ് മോദി നാടുവിട്ടത്. മഹാരാഷ്ട്രയില്‍ മുംബൈ അലി ബാഗ് കടലോരപ്രദേശത്ത് 100 കോടി രൂപ ചെലവില്‍ നിരവ് മോദി നിര്‍മിച്ച ആഡംബര വസതി കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ ഹൈക്കോടതിയുടെ വിധിയെത്തുടര്‍ന്നു തകര്‍ത്തത്. ഇതൊന്നും നിരവ് മോദിയെ തെല്ലും ബാധിക്കുന്നില്ലെന്നു വേണം അയാളുടെ ആര്‍ഭാട ജീവിതത്തില്‍ നിന്നു മനസിലാക്കാന്‍.തന്റെ താമസ സ്ഥലത്തിനടുത്തു വജ്രവ്യാപാരവും തുടങ്ങിയിട്ടുണ്ട് നിരവ് മോദിയെന്ന കിട്ടാപ്പുള്ളി. അയാള്‍ പരസ്യമായി വിഹരിക്കുന്നുണ്ടെങ്കിലും പിടികൂടാന്‍ നിരവധി നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നാണു വിദേശകാര്യ വകുപ്പ് പറയുന്നത്. നടപടിക്രമങ്ങളുണ്ടാകാം, അവ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കി പ്രതിയെ അഴിക്കുള്ളിലാക്കുകയാണല്ലോ ഭരണകൂടത്തിന്റെ കര്‍ത്തവ്യം. അതു ചെയ്യാതെ വരുന്നത് ബി.ജെ.പി സര്‍ക്കാരിന്റെ കഴിവുകേടല്ലാതെ പിന്നെന്താണ്.
ബ്രിട്ടനില്‍ അഭയം തേടി നല്‍കിയ അപേക്ഷയില്‍ തീരുമാനമുണ്ടാകുന്നതു വരെ ഒളിഞ്ഞിരിക്കുകയല്ല നിരവ് മോദി ചെയ്യുന്നത്. ഏതൊരു ബ്രിട്ടിഷ് പൗരനെയുംപോലെ ലണ്ടനില്‍ സസുഖം കഴിയുകയാണ്. നയതന്ത്രരംഗത്ത് ഇന്ത്യക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പാളിച്ചകളില്‍ ഒന്നായി മാത്രമേ ഇതിനെ കാണാനാകൂ.
നിരവ് മോദിയെ മാത്രമല്ല ബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയ കോടീശ്വരന്മാരില്‍ ആരെയും തിരികെക്കൊണ്ടു വരാന്‍ ബി.ജെ.പി സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിനു കാഹളം മുഴങ്ങിയിരിക്കെ, തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചിരിക്കെ പൊള്ളയായ വാഗ്ദാനങ്ങളോ ഉദ്ഘാടന മഹാമഹങ്ങളോ നരേന്ദ്രമോദിക്ക് ഇനി നടത്താന്‍ കഴിയില്ല. ആ നിലയ്ക്കു കോടികള്‍ വെട്ടിച്ചു വിദേശത്തേക്കു കടന്ന കോടീശ്വരന്മാരെ തമസ്‌ക്കരിക്കാനായിരിക്കും ഇനി ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിക്കുക.
വജ്രക്കച്ചവടത്തിന്റെ മറവില്‍ നിരോധിച്ച നോട്ടുകളില്‍ 90 കോടി മാറ്റി നല്‍കിയെന്ന കേസും നിരവ് മോദിക്കെതിരേയുണ്ട്. നിരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കുമെതിരേ സി.ബി.ഐ കഴിഞ്ഞവര്‍ഷമാണു ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരവും മുംബൈയിലെ പ്രത്യേക കോടതി വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ നിയമപ്രകാരം നിരവ് മോദിക്കും സംഘത്തിനും വായ്പ നല്‍കിയ ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകളിലെ ജീവനക്കാരെ സി.ബി.ഐ ചോദ്യം ചെയ്യുമെന്നു പറഞ്ഞിരുന്നു.
അതു നടന്നോയെന്നറിയില്ല. ലണ്ടനില്‍ സസുഖം കഴിയുകയാണു നീരവ് മോദിയെന്ന വാര്‍ത്ത വന്നിട്ടും തിരികെ കൊണ്ടുവരാനുള്ള ചടുല പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ ആരംഭിച്ചതായി അറിയില്ല. ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ നാഷനല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ വരെ കരസ്ഥമാക്കിയിട്ടുണ്ടെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നയതന്ത്ര പരാജയം തന്നെയാണതിനു കാരണം. കഴിഞ്ഞവര്‍ഷം ജനുവരി ഒന്നിനു നിരവ് മോദി രാജ്യം വിട്ടുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാള്‍ കോടികളുമായി മുങ്ങിയെന്ന പരാതിയുമായി ബാങ്ക് അധികൃതര്‍ സി.ബി.ഐയെ സമീപിച്ചത്. ഇതില്‍നിന്നു തന്നെ ബാങ്ക് അധികൃതര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്ന സംശയം ഉയര്‍ന്നതാണ്. വ്യാജരേഖകള്‍ നല്‍കിയാണ് ഇയാള്‍ ബാങ്കുകളില്‍ നിന്നു കോടികള്‍ തട്ടിയെടുക്കുന്നതെന്ന വിവരവും ബാങ്ക് അധികൃതര്‍ അറിയാതിരിക്കാന്‍ വഴിയില്ല. അവരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പെന്നു പിന്നീട് തെളിയുകയും ചെയ്തു.
ബി.ജെ.പി സര്‍ക്കാരിന്റെ പരോക്ഷ സഹായമില്ലാതെ കോടീശ്വരന്മാര്‍ക്ക് ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ തട്ടിയെടുക്കാന്‍ കഴിയില്ല. അതുകൊണ്ടായിരിക്കണം ബി.ജെ.പി സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ ചിത്രംവച്ച് മുന്‍പ് അസാധ്യമായതെല്ലാം ഇപ്പോള്‍ സാധ്യമാണെന്നു പരസ്യം ചെയ്തു കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."