HOME
DETAILS
MAL
മുല്ലാ ഉമര്‍ വര്‍ഷങ്ങളോളം കഴിഞ്ഞത് യു.എസ് സൈനികതാവളത്തിനു തൊട്ടുസമീപം; മരിച്ചതും അവിടെയെന്ന് വെളിപ്പെടുത്തല്‍
backup
March 11 2019 | 14:03 PM
കാബൂള്‍: അഫ്ഗാന്‍ താലിബാന്‍ സ്ഥാപകന്‍ മുല്ലാ ഉമര്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞത് അഫ്ഗാനിലെ യു.എസ് സൈനിക താവളത്തിനു തൊട്ടടുത്ത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഡച്ച് മാധ്യമപ്രവര്‍ത്തകന്‍ ബെറ്റെ ഡാം രചിച്ച 'ശത്രുവിനു വേണ്ടിയുള്ള അന്വേഷണം' എന്ന പുതിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു കണ്ണിനു മാത്രം കാഴ്ചയുള്ള മുല്ലാ ഉമര്‍ അഫ്ഗാന്‍ വിട്ട് പാകിസ്താനില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് യു.എസ്‌കരുതിയിരുന്നത്. എന്നാല്‍ ബെറ്റെ ഡാമിന്റെ ആത്മകഥയില്‍ പറയുന്നത് കാന്തഹാറിനടുത്തുള്ള സാബൂള്‍ പ്രവിശ്യയിലെ പ്രധാന യു.എസ് കേന്ദ്രത്തില്‍ നിന്ന് മൂന്നു മൈല്‍ മാത്രം അകലെയുള്ള കേന്ദ്രത്തിലാണ് മുല്ലാ ഉമര്‍ കഴിഞ്ഞത് എന്നാണ്. ഇവിടെ വച്ചായിരുന്നു 2013ല്‍ മുല്ലാ ഉമര്‍ മരിച്ചതും. കുടുംബത്തെ പോലും സന്ദര്‍ശിക്കാനുവദിക്കാതെ സൂഫിയെ പോലെ ഇവിടെ കഴിഞ്ഞ അദ്ദേഹം ഒരു നോട്ടുപുസ്തകത്തില്‍ അവ്യക്തമായ ഭാഷയില്‍ എന്തൊക്കെയോ കുത്തികുറിക്കുകയും ചെയ്തിരുന്നതായും പുസ്തകത്തില്‍ പറയുന്നു.
അതേസമയം രണ്ടുതവണ ഭാഗ്യംകൊണ്ടാണ് മുല്ലാ ഉമര്‍ യു.എസ് സേനയുടെ കൈയില്‍നിന്നു രക്ഷപ്പെട്ടതെന്നും പുസ്തകത്തില്‍ പറയുന്നു. ഒരുതവണ പെട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ ഒളിതാവളത്തിനടുത്തെത്തിയപ്പോള്‍ മുന്നറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് മുല്ലാ ഉമറും സഹായിയും വിറകുകൂനയ്ക്കു പിന്നില്‍ ഒളിച്ചു. മറ്റൊരിക്കല്‍ യു.എസ് ട്രൂപ് വീട്ടിനകത്ത് തിരച്ചില്‍ നടത്തിയെങ്കിലും മുല്ലാ ഉമറിന്റെ രഹസ്യറൂമിന്റെ കവാടം മനസ്സിലാക്കാനുമായില്ല.
വാര്‍ത്തകള്‍ പതിവായി നോക്കാറുണ്ടായിരുന്ന മുല്ലാ ഉമര്‍ അല്‍ഖാഇദ തലവന്‍ ഉസാമാ ബിന്‍ലാദന്റെ മരണവാര്‍ത്ത അറിഞ്ഞിരുന്നു. എന്നാല്‍, ഇതേ കുറിച്ചോ മറ്റു രാഷ്ട്രീയ വിഷയങ്ങളിലോ അദ്ദേഹം അഭിപ്രായം പറഞ്ഞിരുന്നില്ല. 2013ല്‍ രോഗബാധിതനായ മുല്ലാ ഉമര്‍ പക്ഷേ ഡോക്ടറെ കാണുന്നതിനോ ചികില്‍സയ്ക്കായി പാകിസ്താനിലേക്കു പോവാനോ തയ്യാറായില്ല. ഇതോടെ ഒളിവുകേന്ദ്രത്തില്‍ വച്ച് തന്നെ അദ്ദേഹം മരിച്ചതായും പുസ്തകം പറയുന്നു.
അഞ്ചുവര്‍ഷത്തിലേറെ ഗവേഷണം നടത്തിയാണ് ഡാം പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി താലിബാന് ഭരണംനഷ്ടപ്പെട്ട ശേഷം മുല്ലാ ഉമറിനെ ഒളിവില്‍ പാര്‍പ്പിക്കുകയും അദ്ദേഹത്തിനു സംരക്ഷണം നല്‍കുകയും ചെയ്ത അംഗരക്ഷകന്‍ ജബ്ബാര്‍ ഉമരിയുമായി അഭിമുഖം നടത്തുകയും ചെയ്തിരുന്നു. വര്‍ഷങ്ങളോളം അഫ്ഗാനിസ്താനില്‍ മാധ്യമപ്രവര്‍ത്തകനായി ജോലിചെയ്ത ബെറ്റെ ഡാം മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയെ കുറിച്ചും പുസ്തകം എഴുതിയിട്ടുണ്ട്. എന്നാല്‍ അഫ്ഗാന്‍ ഭരണകൂടം പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ നിഷേധിച്ചു. മുല്ലാ ഉമര്‍ പാകിസ്താനില്‍വച്ചു തന്നെയാണ് മരിച്ചതെന്ന് അവര്‍ വ്യക്തമാക്കി.
സോവിയറ്റ് അധിനിവേശത്തെ തുരത്തിയശേഷം അഫ്ഗാനില്‍ താലിബാന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനിസ്താന്റെ പരമോന്നതസമിതിയുടെ തലവന്‍ എന്ന പദവിയാണ് മുല്ല ഉമര്‍ വഹിച്ചിരുന്നത്. ഉന്നതപദവികള്‍ അലങ്കരിച്ചെങ്കിലും മുല്ലാ ഉമര്‍ അത്യപൂര്‍വമായി മാത്രമെ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളൊന്നും മാധ്യമങ്ങള്‍ക്കു ലഭിച്ചിരുന്നില്ല. 2001 സപ്തംബറില്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് മുല്ലാ ഉമറിന്റെ തലയ്ക്ക് അമേരിക്ക പത്തു ദശലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് മുല്ലാ ഉമര്‍ ഒളിവില്‍ പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."