പൊലിസിലെ ദാസ്യവേലകള്‍ നാടിന് നാണക്കേട്: കാനം രാജേന്ദ്രന്‍
ശ്രീകണ്ഠപുരം: പൊലിസിലെ ദാസ്യവേല നാടിന് നാണക്കേടാണെന്നും ഇത് മാറ്റേണ്ടതുണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.കാവുമ്പായി സമര പോരാളി ഇ.കെ നാരായണന്‍ നമ്പ്യാരുടെ വീട്ടില്‍ അദ്ദേഹത്തിന് നല്‍കിയ ആദരവ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരുടെ കാലത്തെ വിനീതവിധേയത്വത്തിന്റെ ബാക്കിപത്രമായി ഇന്നും ഉദ്യോഗസ്ഥതലത്തില്‍ തുടരുന്ന ഈ ദാസ്യവേലയെ അംഗീകരിക്കാന്‍ കഴിയില്ല. വി.എസ് മന്ത്രിസഭയുടെ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ ഈ ദാസ്യവേല നിര്‍ത്താന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ അത് വീണ്ടും തിരിച്ചുവന്നത് ഇല്ലാതാക്കേക്കണ്ടതുണ്ട്. ഫാസിസത്തിനെതിരേ ഒറ്റക്കെട്ടായിട്ടാണ് ഇടതുപക്ഷം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ പോരാട്ടത്തിന് കാവുമ്പായിയിലെ സമരസഖാക്കളെ ഓര്‍മിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. പി. സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എന്‍ ചന്ദ്രന്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ സി. പി മുരളി, സി.പി.എം ഏരിയ സെക്രട്ടറി എം. വേലായുധന്‍, ഇ.കെയുടെ മകളും എഴുത്തുകാരിയുമായ രമണി, ഇ.കെയുടെ ജ്യേഷ്ഠസഹോദരന്റെ മകളും എഴുത്തുകാരിയുമായ ശാന്ത കാവുമ്പായി, പി.കെ മധുസൂദനന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.കെ വത്സലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."