HOME
DETAILS
MAL
മഴക്കാല മുന്നൊരുക്കവുമായി ജലസേചന വകുപ്പ്
backup
May 18 2020 | 05:05 AM
തിരുവനന്തപുരം: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അണക്കെട്ടുകളില്‍ മുഴുവന്‍ സമയ നിരീക്ഷണത്തിനു നിര്‍ദേശം നല്‍കിയതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.
എല്ലാ ഡാമുകളിലും മഴക്കാലത്ത് മുഴുവന്‍ സമയ നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് ഇടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ എല്ലാ ഡാമുകളിലും സാറ്റലൈറ്റ് ഫോണ്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജലസേചന വകുപ്പിനു കീഴിലുള്ള ഡാമുകളുടെ ജലനിരപ്പുകള്‍ ദിവസവും മൂന്നു നേരം രേഖപ്പെടുത്തി മേലധികാരികള്‍ക്കു സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഡാമുകളില്‍ കാലവര്‍ഷത്തിനു മുന്നോടിയായി വിശദമായ സുരക്ഷാ പരിശോധന നടത്തിയിട്ടുണ്ട്. ഡാം ഗേറ്റുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തി. അടിയന്തര സാഹചര്യങ്ങളില്‍ ഗേറ്റ് ഓപ്പറേറ്റ് ചെയ്യാന്‍ ഡി.ജി സെറ്റുകളുടെ ലഭ്യതയും ഉറപ്പു വരുത്തി. എല്ലാ ഡാമിന്റെയും നിലവിലെ സ്ഥിതി വിലയിരുത്തി മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളെടുക്കാന്‍ ഡാം എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജലസേചന വകുപ്പിനു കീഴില്‍ 16 ഡാമുകളും നാലു ബാരേജുകളും നിലവിലുണ്ട്. 16 ഡാമുകളുടെ മൊത്തം സംഭരണശേഷി 1570.99 ദശലക്ഷം ഘനമീറ്ററാണ്. ഇന്നലെ ഡാമുകളില്‍ 39.17 ശതമാനം (615.35 ദശലക്ഷം ഘനമീറ്റര്‍) ജലമുണ്ട്. കേന്ദ്ര ജല കമ്മിഷന്‍ നിഷ്‌കര്‍ഷിച്ച പ്രകാരം തയാറാക്കിയ 14 എമര്‍ജന്‍സി ആക്ഷന്‍ പ്ലാനുകളില്‍ 12 എമര്‍ജന്‍സി ആക്ഷന്‍ പ്ലാനുകളില്‍ (നെയ്യാര്‍, മലങ്കര, ചിമ്മിനി, വാഴാനി, മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, ചുള്ളിയാര്‍, മീങ്കര, വാളയാര്‍, കുറ്റ്യാടി, പഴശ്ശി ) ജലസേചന വകുപ്പിന്റെ വെബ്‌സൈറ്റിലും കേന്ദ്ര ജല കമ്മീഷന്റെ ഡാം സേഫ്റ്റി വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കല്ലട, പീച്ചി എന്നീ ഡാമുകളുടെ ജലനിരപ്പ് മഴക്കാലത്തിനു മുന്‍പ് ഉയരുകയാണെങ്കില്‍ നിയന്ത്രിക്കാന്‍ ജില്ലാ ഭരണാധികാരികളുമായി ആലോചിച്ചു നടപടിയെടുക്കാന്‍ ഡാം എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."