ഇസ്റാഈലിലെ ചൈനീസ് അംബാസിഡര്‍ മരിച്ചനിലയില്‍
ടെല്‍ അവീവ്: ഇസ്റാഈലിലെ ചൈനീസ് അംബാസിഡറെ ടെല്‍ അവീവിലെ ഔദ്യോഗിക വസതിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 57ാരനായ ഡു വെയ് എന്ന ഉദ്യോഗസ്ഥനെയാണ് ടെല്‍ അവീവിലെ ഹെര്സ്ലിയയില് താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇസ്റാഈല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവം ലോകത്തെ അറിയിച്ച ഇസ്റാഈല്‍ വിദേശകാര്യ മന്ത്രാലയം, മരണത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഇന്നലെ രാവിലെയാണ് ഇദ്ദേഹത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ സ്റ്റാഫിലെ ചിലര്‍തന്നെയാണ് ആദ്യം മൃതദേഹം കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. നേരത്തെ ഉക്രൈനിലെ ചൈനീസ് അംബാസിഡറായിരുന്ന ഡു വെയ്, കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇസ്റാഈലിലെത്തിയിരുന്നത്.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അന്നുതന്നെ അദ്ദേഹം രണ്ടാഴ്ചത്തെ സെല്‍ഫ് ഐസൊലേഷനില്‍ പോയിരുന്നു. ഇദ്ദേഹത്തിന് ഭാര്യയും ഒരു മകനുമുണ്ട്. ഇവര്‍ ഇസ്റാഈലില്‍ ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല.ദിവസങ്ങള്‍ക്കു മുന്‍പ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇസ്റാഈലില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. ഇസ്റാഈലിലെ വിവിധ പദ്ധതികളില്‍ ചൈന നിക്ഷേപമിറക്കുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നു.
ഇതുകൂടാതെ, കൊവിഡ് വ്യാപന വിഷയത്തില്‍ അമേരിക്കയും ടൈനയും പരസ്യമായി തര്‍ക്കം തുടരുന്നതിനിടെയാണ് ഇസ്റാഈലിലെ ചൈനീസ് അംബാസിഡറുടെ ദുരൂഹ മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."