അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രം പരാധീനതകള്‍ക്ക് നടുവില്‍
പൂച്ചാക്കല്‍: അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഉച്ചയ്ക്കു ശേഷം ചികില്‍സയില്ലാത്തത് രോഗികളെ വലയ്ക്കുന്നു.കഴിഞ്ഞ ദിവസംവൈകിട്ട് അരൂക്കുറ്റി നിവാസിയായിരുന്ന ഗൃഹനാഥന് നെഞ്ചുവേദന അനുഭവപ്പെട്ട് എത്തിച്ചപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയില്ലാത്തതിനാല്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറുടെ വീട്ടിലെത്തിക്കേണ്ടി വന്നതും പിന്നീട് മരിച്ചതും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സായാഹ്ന ഒ.പി നടത്തിയിരുന്നു. വൈകിട്ട് ഏഴുവരെ ഒരു ഡോക്ടറുടെ സേവനമുണ്ടായിരുന്നപ്പോള്‍ നൂറോളം രോഗികള്‍ സായാഹ്ന ഓപിയില്‍ എത്തിയിരുന്നു.ഡോക്ടറുടെ ക്ഷാമത്തെ തുടര്‍ന്നാണ് അത് നിര്‍ത്തിയത്. സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള കാരണങ്ങളാലണ് ഡോക്ടര്‍ പോയത്. പുതിയ ഡോക്ടര്‍മാരെ നിയമിച്ചതുമില്ല. ഇതേ തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നുവരെ മാത്രമായി ഓപി ചികില്‍സ. കിടത്തി ചികില്‍സയുള്ള രോഗികള്‍ക്ക് ഉച്ചയ്ക്കുശേഷമോ,രാത്രിയിലോ എന്തെങ്കിലും ആവശ്യമുണ്ടായാല്‍ 'ഡോക്ടര്‍ ഓണ്‍ കോള്‍' സൗകര്യമുണ്ട്.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നിന്ത്രണത്തിലാണ് സാമൂഹിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.ഉച്ചയ്ക്കുശേഷം പുതിയതായി ആര്‍ക്കെങ്കിലും രോഗമോ,അപകടമോ ഉണ്ടായാല്‍ കിലോമീറ്ററുകള്‍ താണ്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നെങ്കില്‍ ചിലര്‍ അവിടെയും സമീപിക്കും.അരൂക്കുറ്റിയില്‍ ഏഴ് ഡോക്ടര്‍മാരാണ് വേണ്ടതെങ്കിലും നാല് ഡോക്ടര്‍മാരെയുള്ളു.ഡോക്ടര്‍മാര്‍ക്കൊപ്പം മറ്റ് ജീവനക്കാരുടെ കുറവുമുണ്ട്. പ്രദേശത്ത് സ്വകാര്യ ആശുപത്രികള്‍ ഇല്ലാത്തതിനാല്‍ ഈ സര്‍ക്കാര്‍ ആശുപത്രിയെ മാത്രമാണ് ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നതെന്ന് അധികൃതര്‍ ഓര്‍ക്കുന്നുമില്ല.
അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മുന്‍പ് ആംബുലന്‍സുകള്‍ ഉണ്ടായിരുന്നെങ്കിലും അതും നിലച്ചിരിക്കുകയാണ്.അരൂക്കുറ്റിയില്‍ '108'ആംബുലന്‍സ് സര്‍വീസാണ് ഉണ്ടായിരുന്നത്. ഇത് ഒരിക്കല്‍ അപകടത്തില്‍പ്പെട്ടതിനെ കേടുപാടുകള്‍ തീര്‍ക്കാന്‍ വര്‍ക്ക്‌ഷോപ്പിലേക്കു കൊണ്ടുപോയതാണ്.പിന്നീട് തിരിച്ചെത്തിയില്ല.
വടുതലയില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആംബുലന്‍സാണ് അടിയന്തര ഘട്ടങ്ങളില്‍ രോഗികള്‍ക്ക് സഹായകമാകുന്നത്. തൈക്കാട്ടുശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മുന്‍ എംപി ടി.എന്‍. സീമയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ആംബുലന്‍സ് അനുവദിച്ചെങ്കിലും അത് ആശുപത്രി അധികൃതര്‍ തിരിച്ചയച്ചു.ആശുപത്രിയില്‍ ഡ്രൈവറുടെ തസ്തിക ഇല്ലാത്തതിനാലും താല്‍ക്കാലികമായി ഡ്രൈവറെ നിയമിച്ചാല്‍ ശമ്പളം നല്‍കാന്‍ ആശുപത്രി വികസന സമിതിയ്ക്ക് ഫണ്ട് ഇല്ലാത്തതിനാലുമാണ് തിരിച്ചയച്ചത്. വടുതല,പൂച്ചാക്കല്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആംബുലന്‍സുകളാണ് രോഗികളുടെ സഹായത്തിനെത്തുന്നത്.തൈക്കാട്ടുശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിലും അവസ്ഥ വ്യത്യസ്തമല്ല.ഇവിടെയും മുന്‍പ് സായാഹ്ന ഓപി ഉണ്ടായിരുന്നെങ്കിലും ഡോക്ടറുടെ ക്ഷാമത്തെ തുടര്‍ന്ന് അവസാനിപ്പിച്ചു.നൂറോളം രോഗികളാണ് സായാഹ്ന ഓപിയെ ആശ്രയിച്ചിരുന്നു.നിലവില്‍ പകല്‍ ഓപിയില്‍ മുന്നൂറോളം രോഗികളാണ് എത്തുന്നത്.ഉച്ചയ്ക്കുശേഷം ഒരാള്‍ക്ക് രോഗമോ, അപകടമോ ഉണ്ടായാല്‍ ചേര്‍ത്തലയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയിലെത്തിയാലെ ചികില്‍സ ലഭിക്കുകയുള്ളു. പള്ളിപ്പുറം, പാണാവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉച്ചയ്ക്കുശേഷം ചികില്‍സയില്ല.കിടത്തിചികില്‍സയുമില്ല.അടുത്തിടെ പനി, ഛര്‍ദി,വയറിളക്ക രോഗങ്ങള്‍ ബാധിച്ച പലരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചത്
അരൂക്കുറ്റി,തൈക്കാട്ടുശേരി സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഏഴ് ഡോക്ടര്‍മാരുടെ തസ്തികയുണ്ടെങ്കിലും നാല് ഡോക്ടര്‍മാര്‍ മാത്രം.തൈക്കാട്ടുശേരിയില്‍ മെഡിക്കല്‍ ഓഫിസര്‍ സിവില്‍ സര്‍ജന്റെ തസ്തികയാണെങ്കിലും അസിസ്റ്റന്റ് സര്‍ജനെയാണ് അനുവദിച്ചിരിക്കുന്നത്.അരൂക്കുറ്റിയില്‍ സിവില്‍ സര്‍ജനാണ് മെഡിക്കല്‍ ഓഫിസര്‍. രണ്ട് ആശുപത്രികളിലും നാനൂറോളം രോഗികളാണ് ദിവസവും ഓപിയില്‍ ചികില്‍സയിലെത്തുന്നത്.
രോഗികള്‍ കൂടുതലായതിനാല്‍ ഉച്ചയ്ക്ക് രണ്ടുവരെ ഓപി നീണ്ടുപോകാറുണ്ട്.ഡോക്ടര്‍മാര്‍ക്കൊപ്പം നഴ്‌സിങ് അസിസ്റ്റന്റ്, ക്ലീനിംഗ് ജീവനക്കാര്‍ എന്നിവരുടെ കുറവുമുണ്ട്. ദ്വീപ് എന്ന പരിഗണനയുള്ളതിനാല്‍ പെരുമ്പളം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് സംബന്ധിച്ച ആരോപണങ്ങളില്ല.
പള്ളിപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രണ്ടു ഡോക്ടറും പാണാവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടറുമാണുള്ളത്.പാണാവള്ളിയില്‍ രണ്ട് ഡോക്ടര്‍ വേണമെന്ന് ആവശ്യമുണ്ട്.ഇരുനൂറോളം രോഗികളാണ് ഇവിടെ ഓപിയിലെത്തുന്നത്.ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."